ഒരായുധത്തിനും മൂര്‍ച്ചയില്ല, ഈ സൗഹൃദത്തെ വേര്‍പ്പെടുത്താന്‍...
തിരൂരങ്ങാടി: ഫഹദിന്റെയും വിവേക് ലാലിന്റെയും പുഞ്ചിരിയില്‍ ഒരു നുള്ളുപോലും കളങ്കമില്ല. അവരുടെ സൗഹൃദത്തെ കളങ്കപ്പെടുത്താന്‍ ഒരു ആയുധത്തിനും മൂര്‍ച്ചയുമില്ല. അവര്‍ ഒന്നിച്ചാണ് ഉണ്ണാറുള്ളത്, ഒരുമിച്ചാണ് കളിക്കാറുള്ളത്.
ഫാറൂഖ് നഗറില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്റെ കുടുംബം താമസിക്കുന്ന കൊടിഞ്ഞി തിരുത്തിയിലെ വീട്ടിലാണ് ഈ കാഴ്ച. ഫൈസലിന്റെ മകനാണ് ഫഹദ്. വിവേക് ലാലാവട്ടെ ഫൈസല്വധത്തിലെ ഗൂഢാലോചനാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന വിനോദിന്റെ മകനും.
ഫൈസലിന്റെ സഹോദരി കവിതയാണ് വിനോദിന്റെ ഭാര്യ. അമ്മ മീനാക്ഷി, സഹോദരിമാരായ കവിത, സുവിത എന്നിവര്‍ മക്കളോടൊത്ത് തിരുത്തിയില്‍ ബന്ധുവായ അബ്ദുറഹ്മാന്റെ വീട്ടിലാണ് താമസം. കൊടിഞ്ഞി ഐ.ഇ.സി സ്കൂളിലാണ് ഫഹദ് പഠിക്കുന്നത്. വിവേക് ലാല്‍ മേലേപ്പുറം വിദ്യാനികേതന്‍ സ്കൂളിലെ അഞ്ചാംതരം വിദ്യാര്‍ഥിയാണ്.
ചെറുപ്പം മുതലേ ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ് ഇരുവരും. ഫൈസലും കുടുംബവും മതം മാറിയതോടെ വിനോദിന്റെ എതിര്പ്പുകള്ക്ക്പോലും ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിച്ചില്ല. അവര്‍ തമ്മില്‍ കലഹിക്കാറില്ല. മുഖം കറുപ്പിക്കാറില്ല. രക്തത്തെ കൊല്ലുകയല്ല സ്നേഹിക്കുകയാണ് വേണ്ടതെന്ന് അവര്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ്.
ഫൈസലിന്റെ മരണ ശേഷം മാതാവ് മീനാക്ഷിയും സഹോദരിമാരും ഫാറൂഖ്നഗറിനടുത്തുള്ള സ്വന്തം വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ഫൈസലിന്റെ അച്ഛന് അനന്തകൃഷ്ണന് നായര്‍ തനിച്ചാണ് ഈ വീട്ടില്‍ താമസിക്കുന്നത്.
ഫൈസലിന് ഫഹദിനെക്കൂടാതെ ഫായിസ്, ഫര്‍സാന എന്നീ രണ്ടുമക്കളും, വിനോദിന് ബിബിന്‍ലാല്‍,വിഷ്ണുലാല്‍ എന്നീ മക്കളും ഉണ്ട്.
തന്റെ വീടിനോട് ചേര്‍ന്ന് ഫൈസലാണ് വിനോദിന് വീട് നിര്‍മിച്ചുനല്‍കിയത്. ഇതിന്റെപേരില്‍ ഫൈസലിന് പത്ത് ലക്ഷത്തോളം രൂപ ബാങ്കില്‍ ബാധ്യതയുണ്ട്. അതിനിടെയാണ് വിനോദിന്റെ ഗൂഢാലോചനയോടെ നടത്തിയ കൃത്യത്തില്‍ ഫൈസല്‍ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."