മാവോയിസ്റ്റുകളെ സഹായിക്കുന്നത് വാഹനമുള്ള ആദിവാസികളെന്ന് കണ്ടെത്തല്‍
കാളികാവ്: വനത്തിനുള്ളിലെ മാവോയിസ്റ്റുകള്‍ക്കു സഹായമെത്തിക്കുന്നതു വാഹനമുള്ള ആദിവാസികളെന്നു കണ്ടെത്തല്‍. ആദിവാസി കോളനികളോടു ചേര്‍ന്നുള്ള കാടുകളിലാണ് മാവോയിസ്റ്റുകള്‍ താവളമുറപ്പിക്കുന്നതെന്നാണ് കണ്ടെത്തല്‍. വനമേഖലയില്‍നിന്നു പുറത്തിറങ്ങാന്‍ കഴിയാതാകുമ്പോള്‍ ആദിവാസികളെ ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് താവളമുറപ്പിക്കാനുള്ള പ്രദേശങ്ങള്‍ കണ്ടെത്തുന്നത്.
ആദിവാസികളുടെ ഇടയില്‍ വാഹനമുള്ളവരെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നു പൊലിസ് പറയുന്നു. ആദിവാസികളുടെ വാഹനത്തിലൂടെ സാധനങ്ങള്‍ ലക്ഷ്യസ്ഥലത്തെത്തിക്കുന്നതാണ് പ്രവര്‍ത്തന രീതി. മാവോയിസ്റ്റുകളെ സഹായിക്കാന്‍ തയാറാകുന്ന ആദിവാസികള്‍ക്കു പ്രതിഫലം നല്‍കുന്നുമുണ്ട്. ഭക്ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുത്താല്‍ പാകംചെയ്ത ഭക്ഷണവും 500 രൂപയും ആദിവാസികള്‍ക്കു നല്‍കും. വിശ്വസ്ഥത മനസിലാക്കിയാല്‍ പ്രതിഫലത്തിന്റെ തോതും വര്‍ധിക്കും. ഇരുചക്ര വാഹനങ്ങളുള്ള യുവാക്കളാണ് കൂടുതലും മാവോയിസ്റ്റുകളെ സഹായിക്കാന്‍ രംഗത്തുള്ളത്.
പുറമേനിന്നു സഹായമെത്തിക്കാനുള്ളവരെ കണ്ടെത്തിയ ശേഷം മാത്രമാണ് മാവോയിസ്റ്റുകള്‍ താവളം ഉറപ്പിക്കുന്നത്. പ്രതീക്ഷിച്ച സഹായം കിട്ടാതെവരുമ്പോഴാണ് കോളനികളിലിറങ്ങി നേരിട്ട് ഭക്ഷണം ശേഖരിക്കാറുള്ളത്. ചിലയിടങ്ങളില്‍നിന്നു പണം നല്‍കാറുണ്ടെങ്കിലും മറ്റു ചിലരെ ദീക്ഷണിപ്പെടുത്തിയും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാറുണ്ട്. സ്ഥിരം ഭക്ഷണവും സാധനങ്ങളും എത്തിച്ചുകൊടുക്കുന്നവരെ സന്ദേശവാഹകരായി മാറ്റുകയും ചെയ്യുന്നുണ്ട്. പുറംനാട്ടിലെ വിവരങ്ങളും പൊലിസിന്റെ നീക്കങ്ങളുമൊക്കെ ഇവരില്‍നിന്നാണ് മനസിലാക്കുന്നത്.
പണവും ഭക്ഷണവും കിട്ടുമെന്നതിനാലാണ് ആദിവാസികള്‍ മാവോയിസ്റ്റുകള്‍ക്ക് സഹായം എത്തിച്ചുകൊടുക്കാന്‍ തയാറാകുന്നത്. വെടിവയ്പുണ്ടായ ശേഷവും സഹായം എത്തിച്ചുകൊടുക്കുന്നവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ആദിവാസികള്‍ക്കിടയില്‍നിന്നു ലഭിക്കുന്ന സംശയങ്ങള്‍ മാത്രമാണ് പൊലിസിന്റെ കൈയിലുള്ള വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."