മന്ത്രിയുടെ ശബ്ദം അനുകരിച്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മിമിക്രിക്കാരന് അറസ്റ്റില്‍
സേലം: മന്ത്രിയുടെ ശബ്ദത്തില്‍ ഫോണിലൂടെ സംസാരിച്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ മിമിക്രിക്കാരന് അറസ്റ്റില്‍. തമിഴ്നാട് വൈദ്യുതി മന്ത്രി പി തങ്കമണിയുടെ ശബ്ദം ഉപയോഗിച്ചാണ് ദിന്‍ഡിഗല്‍ സ്വദേശിയായ മിമക്രിക്കാരന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കേസിന് പിന്നില്‍ വന്‍ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍.
തിങ്കളാഴ്ച വൈകിട്ടാണ് മെട്ടൂര്‍ പൊലിസ് സവാരി മുത്തു(30)വിനെ അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പാണ് വൈദ്യുതിമന്ത്രി തെര്‍മ്മല്‍ യൂണിറ്റിലെ ഉന്നതോദ്യോഗസ്ഥരെ വിളിച്ച് അസിസ്റ്റന്റ് എഞ്ചിനീയര്‍ ജയകുമാറിനെ പവര്‍ പ്രൊഡക്ഷന്‍ യൂണിറ്റിന്റെ കല്‍ക്കരി വിഭാഗത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടത്. യൂണിറ്റ് നിര്‍ദേശം നടപ്പാക്കുകയും ചെയ്തു.
എന്നാല്‍ ഡ്യൂട്ടി ശരിയായി ചെയ്യാന്‍ കഴിയാതെ വന്നതോടെ ഒരാഴ്ച മുമ്പ് ഇയാള്‍ സസ്പെന്‍ഷനിലായി. തുടര്‍ന്ന് സസ്പെന്ഷന് നീക്കാന്‍ ഉന്നതോദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ വൈദ്യുതിമന്ത്രിയെ കാണാന്‍ ഉന്നതോദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. ഇതിന്റ അടിസ്ഥാനത്തില്‍ മന്ത്രിയെ കണ്ടപ്പോഴാണ് കള്ളക്കളി പുറത്തായത്. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് തന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
തന്റെ പേരില്‍ തന്നെ തട്ടിപ്പ് നടന്നതിനാല്‍ മന്ത്രി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്ന് വിളിച്ച ഫോണിന്റെ ഉടമ സവാരിമുത്തു ആണെന്ന് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തില്‍ ഒരു മാസത്തിനിടെ യൂണിറ്റില്‍ ജോലി ചെയ്യുന്ന 28 പേരെ ഇയാള്‍ സ്ഥലം മാറ്റിയതായും പൊലിസ് കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."