മാട്ടൂല്‍ ഫൈസല്‍ വധം: ഒന്നാം പ്രതിക്ക് വധശിക്ഷ
ജിദ്ദ: കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി ഫൈസലിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് ജുബൈല്‍ കോടതി ശിക്ഷ വിധിച്ചു. ഒന്നാം പ്രതി പെരിയകോട്ടുമല പാണ്ഡുരാജന് ഭരതന് വധശിക്ഷയും രണ്ടാം പ്രതി മൂവാറ്റുപുഴ നെല്ലാട് മഴുമന്നൂര് കുന്നത്ത്നാട് സ്വദേശി എല്‍ദോ വര്‍ഗീസിന് കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനും നിയമം ലംഘനത്തിനുമായി പത്ത് വര്‍ഷം തടവുമാണ് വിധിച്ചത്. പ്രതികള്‍ക്കും അപ്പീല്‍ പോകാന്‍ 30 ദിവസത്തെ സാവകാശം കോടതി അനുവദിച്ചു.
2008ലാണ് ജുബൈല്‍ ജനറല്‍ ആശുപത്രിയിലെ ഫിസിയോതെറാപിസ്റ്റായിരുന്ന ഫൈസല്‍ അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്. എക്സറെ ടെക്നീഷ്യനായിരുന്ന ഭരതന് ബിസിനസ് ആവശ്യാര്‍ഥം നല്കിയ 4,800 റിയാല്‍ മടക്കി നല്‍കണമെന്ന് ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 2008 ജൂണ്‍ 28ന് ഫൈസല്‍ ജോലി കഴിഞ്ഞ് ദമ്മാമിലുള്ള നാട്ടുകാരനും സുഹൃത്തുമായ മഹമൂദ് മാട്ടൂലിനെ കാണാന്‍ റൂമില്‍ നിന്നും ഇറങ്ങി. ഈ സമയം അവിടെയുണ്ടായിരുന്ന ഭരതനോട് താന്‍ ലീവില്‍ നാട്ടില്‍ പോകുകയാണെന്നും പണം തിരികെ തരണമെന്നും ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഭരതന് ക്ഷണിച്ചത് പ്രകാരം അയാളുടെ മുറിയിലെത്തിയ ഫൈസലിനോട് തന്ന പണം മടക്കി നല്‍കിയതായി മുദ്രപത്രത്തില്‍ ഒപ്പിട്ട് നല്കാന് ഭരതന് ആവശ്യപ്പെട്ടു. ഇതനുസരിക്കാതെ വന്നപ്പോള്‍ ഫൈസലിനെ കൈയ്യും കാലും കസേരയില്‍ ബന്ധിച്ച് മുഖത്ത് ബാന്‍ഡേജ് ഒട്ടിച്ച് ശ്വാസം വിടാന്‍ വായിന്റെ ഭാഗത്ത് ഒരു ചെറു ദ്വാരമുണ്ടാക്കി മുറിയുടെ മൂലയില്‍ ഇരുത്തി. ഈ സമയം മുറിയിലേക്ക് വന്ന എല്‍ദോ ഇത് അപകടമാണെന്ന് പറഞ്ഞെങ്കിലും ഫൈസലിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. കൈയ്യും കാലും കെട്ടുന്ന സമയത്ത് എന്നെ കൊന്നാല്‍ രണ്ടു പേരുടെയും തല പോകുമെന്ന് ഫൈസല്‍ പറഞ്ഞിരുന്നതായി വിചാരണ വേളയില്‍ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ഇരുവരും പുറത്തേക്ക് പോയി രാത്രി വൈകി മുറിയിലെത്തുമ്പോള്‍ ഫൈസല്‍ രക്ഷപ്പെടാനായി ഇഴഞ്ഞ് വാതിലിനടുത്ത് വരെ എത്തിയതായി കണ്ടു. ഇതോടെ കട്ടിലിനോട് ബലമായി ബന്ധിച്ച് വീണ്ടും പുറത്തേക്ക് പോയ ഭരതനും എല്‍ദോയും ശനിയാഴ്ച രാത്രിയാണ് തിരിച്ചത്തിയത്. ഈ സമയം ശ്വാസം കിട്ടാതെ മരണ വെപ്രാളം കാണിച്ച ഫൈസലിന്റെ കഴുത്തില്‍ കേബിള്‍ മുറുക്കി മരണം ഉറപ്പു വരുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."