വരള്‍ച്ചാ ദുരിതാശ്വാസം: മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി എം.എല്‍.എ
കായംകുളം: അസംബ്ലി മണ്ഡലത്തില്‍ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തിയതായി യു പ്രതിഭാ ഹരി എം.എല്‍.എ അറിയിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗമാണ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ ക്യാംപ് ഓഫിസില്‍ ചേര്‍ന്നത്.
പത്തിയൂര്‍, കൃഷ്ണപുരം, ദേവികുളങ്ങര, ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചാത്തിലെ പ്രതിനിധികള്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പദ്ധതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പൈപ്പ് ലൈന്‍ എക്സ്റ്റന്‍ഷന്‍ ആവശ്യമായ സ്ഥലങ്ങള്‍, ഉപയോഗശൂന്യമായ ടാപ്പുകളുടെ പുനരുദ്ധാരണം, പുതിയ പൈപ്പ് ലൈന്‍, കുഴല്‍കിണര്‍, മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍, ജലദൗര്‍ലഭ്യം കൂടുതല്‍ നേരിടുന്ന പ്രദേശങ്ങളില്‍ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കുക എന്നിവയെക്കുറിച്ചുള്ള വിശദമായ പദ്ധതി തയ്യാറാക്കി തുടര്‍ നടപടിക്രമങ്ങള്‍ക്കായി എം.എല്‍.എയ്ക്കു സമര്‍പ്പിച്ചു.
കുടിവെള്ളം പാഴാക്കാതിരിക്കുക, ശുദ്ധജല സുരക്ഷ എന്നിവയെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കാന് വാര്‍ഡ് തലത്തില്‍ പ്രത്യേക ക്യാംപയിനുകള്‍ നടത്തുവാനും യോഗത്തില്‍ തീരുമാനിച്ചു.
ചെട്ടികുളങ്ങര, പത്തിയൂര്‍, കൃഷ്ണപുരം, ഭരണിക്കാവ്, ദേവികുങ്ങര പഞ്ചായത്ത് പ്രസിഡന്റന്മാര്, കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."