കുടിവെള്ള വിതരണം മുടങ്ങി; ജനങ്ങള്‍ നെട്ടോട്ടത്തില്‍
കാക്കനാട്: കുടിവെള്ള വിതരണം മുടങ്ങിയതിനേ തുടര്‍ന്ന് ആളുകള്‍ നെട്ടോട്ടമോടുന്നു. കൊല്ലംകുടിമുകള്‍, മുണ്ടംപാലം, കങ്ങരപ്പടി മേഖലയില്‍ നാല് ദിവസമായി ജല അതോറിട്ടിയുടെ കുടിവെള്ളം എത്തിയിട്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ മുണ്ടംപാലം ജങ്ഷനിലും, കൊല്ലംകുടിമുകള്‍ കുന്നിപ്പാടം ഇറക്കത്തിത്തിലും ജല അതോറിട്ടിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിരുന്നു. ഇത് പരിഹരിച്ചു എങ്കിലും കുടിവെള്ള വിതരണത്തിന് തടസമാകുന്നത് കാക്കനാട് ഐ എം ജി ജംഗ്ഷനില്‍ പ്രധാന പൈപ്പ് ലൈനിലെ വാല്‍വ് മാറ്റി സ്ഥാപിക്കുന്നതിനാലാണ്. കളമശ്ശേരിയിലെ ജലസംഭരണി മുതല്‍ ഓലിമുകള്‍ ജല സംഭരണി വരെയും, ഓലിമുകളില്‍ നിന്നും ഇടച്ചിറ വരെ ഏതാനും കിലോമീറ്റര്‍ ദൂരം മാത്രമേ മര്‍ദം താങ്ങുവാന്‍ ശേഷിയുള്ള ഡി.ഐ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുള്ളു. ബാക്കിയുള്ള എല്ലാ ഭാഗങ്ങളിലും മണ്ണിനടിയില്‍ ആസ്ബറ്റോസ്, പി.വി.സി പൈപ്പുകളാണ് സ്ഥാപിച്ചിട്ടുള്ളത്. അഞ്ചാം ദിവസമായ ഇന്നു കുടിവെള്ള വിതരണം വീണ്ടും ആരംഭിച്ചാലും കുടിവെള്ള പൈപ്പ് അടുത്തത് എവിടെ പൊട്ടും എന്ന ആശങ്കയിലാണ് ജനങ്ങള്‍. കാലപ്പഴക്കം ചെന്ന ആസ്ബറ്റോസ് പൈപ്പുകളാണ് തൃക്കാക്കരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്നത്.
തൃക്കാക്കര പ്രദേശത്ത് പഴയ പൈപ്പുകള്‍ പൂര്‍ണമായും മാറ്റിയിട്ടില്ലെന്നും, പഴയ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചിരിക്കുകയാണെന്നും, ഡി ഐ പൈപ്പുകള്‍ സ്ഥാപിക്കുന്നതോടെ പ്രശ്നം പൂര്‍ണമായും പരിഹരിക്കാനാവുമെന്നും ജല അതോറിറ്റി അധികൃതകര്‍ വ്യക്തമാക്കി.കൂടാതെ നിലവിലുള്ള പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചിട്ടുണ്ട് എന്നും ഇന്ന് രാവിലെ മുതല്‍ കൊല്ലംകുടിമുകള്‍, മുണ്ടംപാലം, കങ്ങരപ്പടി മേഖലകളില്‍ കുടിവെള്ള വിതരണം പുനരാരംഭിക്കുമെന്നും അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.
അതേ സമയം കൊല്ലംകുടിമുകള്‍ ഭാഗങ്ങളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ചിറ്റേത്തുകര ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ കുടിവെള്ള ടാങ്കറില്‍ കുടിവെള്ളം എത്തിച്ച് നല്കി. യൂത്ത് ലീഗ് തൃക്കാക്കര മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അസീബ് ബക്കര്‍ യൂത്ത് ലീഗ് കൗണ്‍സില്‍ അംഗം കെ.എ ജലാല്‍, എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."