എം.എല്‍.എയുടെ ശ്രമം ഫലംകണ്ടു; ആസ്തി വികസന ഫണ്ട് വൈദ്യുതീകരണത്തിനും
കക്കട്ടില്‍: കുറ്റ്യാടി മണ്ഡലത്തെ സമ്പൂര്‍ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എം.എല്‍.എ പാറക്കല്‍ അബ്ദുള്ള നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന്‍ ഫലംകണ്ടു. വൈദ്യുതീകരണത്തിന് ആസ്തി വികസന ഫണ്ടു കൂടി ഉപയോഗപ്പെടുത്താമെന്ന് ഇതോടെ ഉത്തരവായി. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് നിലവില്‍ എല്ലാ മണ്ഡലങ്ങളിലും മൊത്തം വരുന്ന ചിലവിന്റെ പകുതി വൈദ്യുതി വകുപ്പ് വഹിക്കണം.
ബാക്കി തുക കണ്ടെത്തുന്ന ചുമതല എം.എല്‍.എമാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കായിരുന്നു നല്‍കിയത്. ഇതിനെയാണ് പാറക്കല്‍ അബ്ദുള്ള സബ്മിഷനിലൂടെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആസ്തി വികസന ഫണ്ട് പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്കേ ഇതുവരെ വിനിയോഗിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു. ഒരു കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി ബോര്‍ഡിന് ആസ്തി വികസന ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയില്ലായിരുന്നു.
ഇതു ചൂണ്ടിക്കാട്ടി കഴിഞ്ഞ നിയമസഭയില്‍ പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ഉന്നയിച്ച ചോദ്യത്തിന് വകുപ്പ് മന്ത്രി മറുപടി നല്‍കിയെങ്കിലും ധനകാര്യ മന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്ന സ്പീക്കറുടെ നിര്‍ദേശമുണ്ടായി.
തുടര്‍ന്ന് മറുപടി പറഞ്ഞ ധനമന്ത്രി ഇക്കാര്യം പരിഗണിക്കാമെന്നു ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആസ്തി വികസന ഫണ്ട് വൈദ്യുതീകരണ ത്തിന് ഉപയോഗിക്കാമെന്ന് നവംബര്‍ 25ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.
ഇതോടെ കുറ്റ്യാടി മണ്ഡലം 2017 മാര്‍ച്ചോടെ സമ്പൂര്‍ണ വൈദ്യൂതീകരണത്തിനുള്ള തടസം നീങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."