നോട്ട് പ്രതിസന്ധി; ജില്ലയിലും ശമ്പള, പെന്ഷന് വിതരണം ഭാഗികം
മാനന്തവാടി: നോട്ട് പ്രതിസന്ധി ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം, പെന്ഷന് വിതരണത്തെ ബാധിച്ചു. ജില്ലാ ട്രഷറിയും ആറ് സബ് ട്രഷറികളുമായി 5.7 കോടി രൂപയാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 3.7 കോടി രൂപ മാത്രമാണ് ലഭിച്ചത്. മിക്ക ട്രഷറികളിലും പെന്ഷന് വിതരണം മാത്രമാണ് നടന്നത്. ശമ്പളം ബാങ്കുകളിലേക്ക് ക്രെഡിറ്റായി നല്‍കുകയായിരുന്നു. 2000 രൂപ വീതമാണ് പലയിടത്തും ലഭിച്ചത്. ഇതു മൂലം ചില്ലറ കൊടുക്കാന്‍ കഴിയാതെ ഉദ്യോഗസ്ഥര്‍ വിഷമിച്ചു. ഒന്നര കോടി രൂപ ആവശ്യപ്പെട്ട ജില്ലാ ട്രഷറിക്ക് 50 ലക്ഷം മാത്രമാണ് ലഭിച്ചത്. ട്രഷറിയില്‍ ഇന്ന് 88,49150 രൂപയാണ് വിതരണം ചെയ്തത്. കേന്ദ്ര സെര്‍വറില്‍ നെറ്റ്വര്‍ക്ക് തകരാറിലായതിനാല്‍ ഉച്ചവരെ കാര്യമായ ഇടപാടുകള്‍ നടന്നിരുന്നില്ല. ഇതും ട്രഷറിയിലെത്തിയവരെ വലച്ചു.
മാനന്തവാടി സബ്ബ് ട്രഷറി എസ്.ബി.ഐ മാനന്തവാടി ശാഖയില്‍ നിന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 50 ലക്ഷം രൂപ ലഭിച്ചു. 5178398 രൂപ വിതരണം ചെയ്തു. വൈത്തിരി സബ്ബ് ട്രഷറി കനറാ ബാങ്ക് വൈത്തിരി ശാഖയോട് 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതില്‍ 1758717രൂപ വിതരണം ചെയ്തു. 14000 രൂപ വരെയാണ് ഇവിടെ വിതരണം ചെയ്തത്. നടവയലില്‍ എസ്.ബി.ഐ കല്‍പ്പറ്റ ശാഖയില്‍ നിന്ന് ആവശ്യപ്പെട്ടത് 7 ലക്ഷം രൂപയാണ് ഈ തുക മുഴുവനായി ലഭിച്ചു. 377300 രൂപ വിതരണം ചെയ്തു. ബത്തേരിയില്‍ എസ്.ബി.ടി.യില്‍ നിന്ന് 60 ലക്ഷം രൂപ ആവശ്യപ്പെടുകയും അവ പൂര്‍ണമായും ലഭിച്ചു. 7510428 രൂപ വിതരണം ചെയ്തു. പുല്‍പ്പള്ളിയില്‍ കനറാ ബാങ്ക് പുല്‍പ്പള്ളി ശാഖയില്‍ നിന്ന് 40 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ പകുതി മാത്രമാണ് ലഭിച്ചത്. 2247770 രൂപ വിതരണം ചെയ്തു. ദ്വാരകയില്‍ എസ്.ബി.ടി മാനന്തവാടി ശാഖയായിരുന്നു പണം നല്‍കിയിരുന്നത്. അവിടെ പണം ഇല്ലാത്തതിനാല്‍ ആവശ്യപ്പെട്ട 1 കോടി രൂപ എസ്.ബി.ഐ മാനന്തവാടി ശാഖയില്‍ നിന്നാണ് നല്‍കിയത്. 6025175 രൂപ വിതരണം ചെയ്തത്. ജില്ലയില്‍ ആകെ 3,19,43338 രൂപയാണ് ഇന്നലെ വിതരണം ചെയ്തത്. ഇന്നലെ ആവശ്യപ്പെട്ട അതേ പണം എല്ലാ ട്രഷറിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഈപണം ലഭിച്ചില്ലെങ്കില്‍ ഇന്നും ഇടപാടുകള്‍ ഭാഗികമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."