ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള ബോധവല്‍കരണവുമായി നോ ഹോണ്‍ ദിനാചരണം
കൊച്ചി: ജനങ്ങള്‍ക്കിടയില്‍ ശബ്ദമലിനീകരണത്തെക്കുറിച്ചുള്ള ബോധവത്കരണം അത്യാവശ്യമാണെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എ.ംഎ) കൊച്ചിശാഖയുടെയും നാഷണല്‍ ഇനിഷ്യേറ്റീവ് ഫോര്‍ സേഫ് സൗണ്ട് (നിസ്) ന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, സിറ്റി പൊലിസ്, ആര്‍.ടി.ഒ, കൊച്ചി നഗരസഭ എന്നിവരുടെ സഹകരണത്തോടെ നടത്തിയ നോ ഹോണ്‍ ദിനം വൈറ്റില ഹബ്ബില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയ്ക്കു സമീപം ഹോണ്‍ മുഴക്കരുതെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടുന്നില്ല. ഇതെക്കുറിച്ചുള്ള പരാതികള്‍ നല്‍കണ്ടതെവിടെയെന്ന് പൊതുജനങ്ങള്‍ക്കറിയില്ല. തുടരെത്തുടരെ ഹോണ്‍ മുഴക്കിക്കൊണ്ടു പായുന്ന വാഹനങ്ങള്‍ ശബ്ദമലിനീകരണത്തിനു കാരണമാകുന്നതിനു പുറമെ ആളുകളെ ഭയചകിതരാക്കുന്നുവെന്നും അവര്‍ പറഞ്ഞു. വിവിധ ചടങ്ങുകള്‍ക്കു മുമ്പുള്ള ചെണ്ടമേളം പലപ്പോഴും ശബ്ദമലിനീകരണത്തിനു കാരണമാകുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.ശബ്ദമലിനീകരണത്തെക്കുറിച്ചും അത് തടയേണ്ടതിന്റെ അവശ്യകതയെക്കുറിച്ചുമുള്ള അടിസ്ഥാനവിദ്യാഭ്യാസത്തിന്റെ കുറവ് നമ്മുടെ സമൂഹത്തിലുണ്ടെന്ന് ചടങ്ങില്‍ അദ്ധ്യക്ഷനായിരുന്ന പി.ടി തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. നിരന്തരമായ നടപടികളിലൂടെയും ബോധവത്കരണത്തിലൂടെയും മാത്രമേ ശബ്ദമലിനീകരണം തടയാനാവൂയെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള പറഞ്ഞു. ശബ്ദമലിനീകരണം തടയാനായി 120 ഡെസിബെല്ലിനു മുകളിലുള്ള ശബ്ദം പാടില്ലെന്ന നിയമം കൊണ്ടു വരികയും വാഹനങ്ങളില്‍ എയര്‍ ഹോണ്‍ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ഹോണ്‍ ഉപയോഗിക്കുന്നതു മൂലമുള്ള ശബ്ദമലിനീകരണം തടയുന്നതിന് എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുന്നവരുടെയും പൊതുജനങ്ങളുടെയും മനോഭാവം മാറിയാല്‍ മാത്രമേ ഹോണ്‍ മൂലമുള്ള ശബ്ദമലിനീകരണം തടയാനാവൂ എന്ന് ആര്‍.ടി.ഒ സാദിഖ് അലി അഭിപ്രായപ്പെട്ടു. എസ്.സി.എം.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളും പരിപാടിയില്‍ പങ്കു ചേര്‍ന്നു. രാജഗിരി കോളജ് ഓഫ് സോഷ്യല്‍ സയന്‍സസിലെ വിദ്യാര്‍ഥികള്‍ നടത്തിയ ഫല്‍ഷ് മോബോടെയാണ് നോഹോണ്‍ ദിന ബോധവത്കരണപരിപാടി വൈറ്റിലയില്‍ ആരംഭിച്ചത്.
പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 30 സ്ഥലങ്ങളിലായി സന്നദ്ധപ്രവര്‍ത്തകര്‍ ബോധവത്കരണം നടത്തി. നോ ഹോണ്‍ ബാഡ്ജുകളും ബോധവത്കരണസന്ദേശം അടങ്ങുന്ന ലഘുരേഖകളും വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."