നോട്ട് പ്രതിസന്ധി: ശമ്പളവും പെന്‍ഷനും മുടങ്ങി
ആലപ്പുഴ: നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് ജില്ലയില്‍ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നത് മുടങ്ങി. ജില്ലയിലെ ട്രഷറികളില്‍ പണം എത്താത്തിനാല്‍ ക്യൂ നിന്നവരെ ടോക്കണ്‍ നല്‍കി പറഞ്ഞുവിടുകയായിരുന്നു. ജില്ലയിലെ 7 സബ് ട്രഷറികളിലായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിനായി വേണ്ടിയിരുന്നത് 7.25 കോടി രൂപയായിരുന്നു. ലഭിച്ചതാകട്ടെ 3.5 കോടി രൂപ മാത്രം. അമ്പലപ്പുഴ ഒഴികെയുള്ള സബ് ട്രഷറികളുടെ വിതരണം സ്തംഭിച്ചു. പല ട്രഷറികളിലും ലഭിച്ചത് ആവശ്യമുള്ളതിന്റെ പകുതിയില്‍ താഴെ പണം മാത്രമായിരുന്നു. ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ട്രഷറികള്‍ക്കും ബാങ്കുകള്‍ക്കും മുന്നിലും പണമെടുക്കാനുള്ളവരുടെ നീണ്ടനിര ദൃശ്യമായിരുന്നു. പല സ്ഥലങ്ങളിലും പെന്‍ഷന്‍ വാങ്ങാനെത്തിയ വയോധികര്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതത്തിലായി.
ചെങ്ങന്നൂര്‍ ട്രഷറിയില്‍ 50 ലക്ഷം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചത് 10 ലക്ഷം മാത്രം. ഒരാള്‍ക്ക് ഒരാഴ്ച പിന്‍വലിക്കാവുന്ന പരമാവധി തുക 24,000 രൂപയാണ്. ഇതനുസരിച്ചാണ് ജീവനക്കാര്‍ ബാങ്കുകളിലും ട്രഷറികളിലും എത്തിയത്. ആദ്യദിനത്തില്‍ തന്നെ ആവശ്യത്തിന് നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയാത്തതോടെ പ്രതിസന്ധി തുടരുമെന്ന് ഉറപ്പായി. ഭൂരിഭാഗം ജീവനക്കാരും പെന്‍ഷന്‍ വാങ്ങുന്നവരും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്.ദിവസങ്ങള്‍ പിന്നിട്ടും നോട്ട് പിന്‍വലിക്കല്‍ ഉണ്ടാക്കിയ പ്രതിസന്ധിക്ക് അയവില്ല. റിസര്‍വ്വ് ബാങ്ക് വിതരണത്തിന് എത്തിച്ചുവെന്ന് പറയുന്ന 500 രൂപയുടെ നോട്ട് വളരെ അപൂര്‍വ്വമായി മാത്രമേ ലഭിക്കുന്നുള്ളൂ. ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ജില്ലയില്‍ 500 ന്റെ നോട്ട് ലഭ്യമായത്.
നോട്ട് കുറവായതിനാല്‍ എ ടി എം വഴി ലഭ്യമാകുമെന്നായിരുന്നു എസ് ബി ഐ അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ പലത് കഴിഞ്ഞിട്ടും 500 രൂപ നോട്ടിനുള്ള ജനങ്ങളുടെ കാത്തിരിപ്പ് വെറുതെയാകുന്നു. 100 രൂപ നോട്ടിനും എ ടി എമ്മിലും ബാങ്കിലും ക്ഷാമമുണ്ട്. ഇത് പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ എ ടി എമ്മുകളില്‍ പണം നിറയ്ക്കുന്നില്ല. എസ് ബി ടി, എസ് ബി ഐ, പഞ്ചാബ് നാഷണല്‍ബാങ്ക്, ഇന്‍ഡസന്റ് ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കാനറ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവയുടെ നഗരത്തിലെ എ ടി എമ്മുകളില്‍ 2000 രൂപ നോട്ട് മാത്രമേയുള്ളൂ. 100 രൂപയുടെ നോട്ട് കിട്ടുമെന്ന പ്രതീക്ഷയിലെത്തുന്ന ജനങ്ങള്‍ മണിക്കൂറുകള്‍ ക്യൂനിന്നാണ് 2000 രൂപ നോട്ടുമായി മടങ്ങുന്നത്. ബാങ്കുകള്‍ ചെറിയ നോട്ടുകള്‍ വന്‍കിട ഇടപാടുകാര്‍ക്ക് മറിച്ച് നല്‍കുന്നതായി ആക്ഷേപമുണ്ട്. എ ടി എമ്മുകളില്‍ പണം നിറയ്ക്കാനുള്ള വിമുഖതയ്ക്ക് കാരണമായി ഇതാണ് ചൂണ്ടിക്കാണിക്കുന്നത്. ജില്ലയിലേയ്ക്ക് ലഭിച്ച 500 രൂപ നോട്ടുകള്‍ വന്‍കിടക്കാര്‍ക്ക് മറിച്ചതായാണ് ജനങ്ങള്‍ പറയുന്നത്. സാധാരണക്കാരായ ജനങ്ങളാണ് ബാങ്കുകളുടെ ഒത്തുകളിമൂലം ദുരിതം അനുഭവിക്കുന്നത്. എ ടി എമ്മുകളില്‍ നിന്ന് പണം ലഭിക്കാത്തതിനെ തുടര്‍ന്ന് പലരും ബാങ്കില്‍ നേരിട്ടെത്തിയാണ് പണം പിന്‍വലിക്കുന്നത്. ഇത് ബാങ്ക് ഉദ്യോഗസ്ഥരും ഇടപാടുകാരുമായുള്ള തര്‍ക്കത്തിന് കാരണമാകുന്നുണ്ട്.
കലയുടെ ചിലമ്പൊലികള്‍ ഉണരുന്ന കലോത്സവവേദിയില്‍പ്പോലും നോട്ട് വിവാദം തലയുയര്‍ത്തി. ആലപ്പുഴ ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന ആര്യാട് ഗവണ്‍മെന്റ് വി എച്ച് എസ് എസിലാമ് അധ്യാപകര്‍ നോട്ട് പിന്‍വലിക്കലിനെതിരെ സ്‌കൂള്‍ മൈതാനിയില്‍ പ്രതിഷേധമുയര്‍ത്തിയത്. എ ടി എമ്മുകളില്‍ പണമില്ലാത്തതിന്റെയും, സഹകരണമേഖലയെ തകര്‍ക്കുന്നതിന്റെയും ബാങ്കില്‍ നിന്നും പിന്‍വലിക്കാനുള്ള പണത്തിന്റെ പരിധി ഉയര്‍ത്താത്തിന്റെയും പേരിലായിരുന്നു പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."