എയ്ഡ്‌സ് ദിനാചരണം: ബോധവല്‍ക്കരണം നടത്തി
ആലപ്പുഴ: ധാര്‍മികതയില്‍ അധിഷ്ടിതമായ വ്യക്തി ജീവിതത്തിന് എയിഡ്‌സ് പോലുള്ള മഹാ വിപത്തിനെ തടയാന്‍ സാധിക്കുമെന്ന് ലജ്‌നത്തുല്‍ മുഹമ്മദിയ്യ പ്രിന്‍സിപ്പല്‍ റ്റി.എ. അഷറഫ് കുഞ്ഞാശാന്‍ പറഞ്ഞു. സ്‌കൂളില്‍ സംഘടിപ്പിച്ച എയിഡ്‌സ് ബോധവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ടു സംസാരിക്കുകയായിരുന്നു. വ്യക്തിയും കുടുംബവും സമൂഹവും ഒത്ത് പ്രവര്‍ത്തിച്ചാല്‍ ഇതിനെ പ്രതിരോധിക്കാന്‍ സാധിക്കും. തന്റേതല്ലാത്ത കാരണത്താല്‍ പോലും എയിഡ്‌സ് എന്ന മഹാവിപത്തിന് കീഴ്‌പെടേണ്ടിവന്നവര്‍ ഒട്ടനവധിയാണ്. ഇവരോട് സമൂഹം കരുണ കാണിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് എ.കെ. ഷൂബി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ആരോഗ്യ പ്രവര്‍ത്തകന്‍ നിനാസ് നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് സാബിര്‍ പ്രതിജ്ഞാവാചകം ചൊല്ലികൊടുത്തു. ഹസീന അമാന്‍, അമീര്‍ നകുല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കായംകുളം: കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്‍, പി.കെ.കെ.എസ്.എം.എച്ച്.എസ്.എസ്. നാഷണല്‍ സര്‍വ്വീസ് സ്‌കീം, ആലപ്പുഴ ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ എയ്ഡ്‌സ് ദിന ബോധവല്‍ക്കരണം നടത്തി. കായംകുളം റെയില്‍വേസ്റ്റേഷനില്‍ നടന്ന ബോധവല്‍ക്കരണ പരിപാടി ചേതന ഡയറക്ടര്‍ ഫാദര്‍ ബിന്നി നെടുംപുറത്ത് ഉദ്ഘാടനം ചെയ്തു. കായംകുളം റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ വര്‍ഗ്ഗീസ് കുരുവിള അദ്ധ്യക്ഷത വഹിച്ചു.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അസ്‌ലം, സൗഹൃദ ക്ലബ് ടീച്ചര്‍ സുജ, ബ്ലഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷെമീര്‍, പ്രവര്‍ത്തകരായ ജെസില്‍, അന്‍സാരി, സജു എന്നിവര്‍ സംസാരിച്ചു.
റെയില്‍വേ സ്റ്റേഷനിലെത്തിയ നൂറുകണക്കിന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും എന്‍.എസ്.എസ് വാളണ്ടിയേഴ്‌സ് ബോധവല്‍ക്കരണ ലഘുലേഖയും റെഡ് റിബണും വിതരണം ചെയ്തു.
ചേര്‍ത്തല : എയ്ഡ്‌സ് ദിനാചരണത്തോടനുബന്ധിച്ച് അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ എയ്ഡ്‌സ് ദിനത്തില്‍ റെഡ് റിബണ്‍ ദീപം തെളിയിച്ചു. എയ്ഡ്‌സ് ബോധവല്‍ക്കരണ പരിപാടിയും ഒരുക്കിയിരുന്നു. ഹെഡ്മാസ്റ്റര്‍ പി.കെ.യേശുദാസ് ഉദ്ഘാടനം ചെയ്തു.കമ്മ്യുണിറ്റി പൊലീസ് ഓഫീസര്‍മാരായ അലോഷ്യസ് ജോസഫ്, കെ.ജെ. ബീനാമോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."