ശരീഅത്ത് സംരക്ഷണ പോരാട്ടത്തില്‍ അണിചേരണം: സമസ്ത
കണ്ണൂര്‍: ശരീഅത്ത് സംരക്ഷണ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാവണമെന്നും ഇന്നു കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയും പൊതുസമ്മേളനവും വന്‍ വിജയമാക്കണമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, ട്രഷറര്‍ കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ജില്ലാ നായിബ് ഖാസി പി.പി ഉമര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.
വര്‍ഷങ്ങളായി മുസ്‌ലിം സമുദായം സ്വന്തം മതവിശ്വാസവും അനുഷ്ടാനാചാരങ്ങളും മുറുകെപിടിച്ച് ജീവിച്ചുവരുന്ന രാജ്യത്ത് അതിനെല്ലാം വിഘാതം സൃഷ്ടിക്കുംവിധം എകസിവില്‍ കോഡ് നടപ്പാക്കാനുള്ള ശ്രമത്തിലാണു കേന്ദ്രസര്‍ക്കാര്‍. ഇതിനുപിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ട്. മുസ്‌ലിംകള്‍ക്കിടയിലോ ഇതര സമുദായങ്ങളുമായുള്ള നല്ല ബന്ധത്തിനോ യാതൊരു പോറലുമേല്‍ക്കാതെ 14 നൂറ്റാണ്ടായി വ്യക്തിജീവിതത്തില്‍ ഇസ്‌ലാമിക ശരീഅത്ത് മാനദണ്ഡമായി സ്വീകരിച്ചുവരികയാണ്. മുസ്‌ലിം സമുദായം അതിനു ഭേദഗതി വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ല. ഒട്ടേറെ മതവിശ്വാസങ്ങളും ജാതികളും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും നിലകൊള്ളുന്ന രാജ്യത്ത് വ്യക്തി ജീവിതത്തില്‍ പൊതുനിയമം എന്നതു തീര്‍ത്തും അപ്രായോഗികമാണ്. ഇന്ത്യയെ ലോകത്തിനു മുന്നില്‍ ശ്രദ്ധേയമാക്കുന്നതു നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ദര്‍ശനമാണ്. ബഹുസ്വരതയെ തള്ളിക്കളഞ്ഞ് ഏക ശിലായുഗത്തിലേക്കു രാജ്യത്തെ തളച്ചിടാന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റുകള്‍ നമ്മുടെ പൈതൃകത്തെയാണ് ഏക സിവില്‍ കോഡിലൂടെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരേ ജാഗ്രത പിലിക്കേണ്ടത് ഓരോ രാജ്യസ്‌നേഹിയുടെയും കടമയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും അതടിസ്ഥാനത്തില്‍ ജീവിക്കാനുമുള്ള മൗലികാവകാശത്തിനു നേരേ ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഫാഷിസ്റ്റ് ശക്തികളുടെ നീക്കം തിരിച്ചറിയണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."