അവിശ്വാസത്തിലൂടെ ഭരണനഷ്ടം: കുറ്റിക്കോല്‍ പഞ്ചായത്ത് സി.പി.എമ്മിനു താക്കീതായി
കാസര്‍കോട്: കാലങ്ങളായി ഇടതു കോട്ടയായിരുന്ന ഉദുമ മണ്ഡലത്തിലെ കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് ഭരണം നഷ്ടമായതു സി.പി.എമ്മിനു കനത്ത തിരിച്ചടിയായി. നേരത്തെ വിമത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബേഡകം ഏരിയാ കമ്മിറ്റിയിലും കുറ്റിക്കോല്‍ പഞ്ചായത്തിലും ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടിയുടെ അടിത്തറ ശിഥിലമാകാന്‍ കാരണമായിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത അവസാനിച്ച വേളയിലായിരുന്നു ബേഡകത്ത് തദ്ദേശ തെരഞ്ഞെടുപ്പു നടന്നത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആദ്യമായാണു ഇവിടെ ബി.ജെ.പി മൂന്നു സീറ്റുകള്‍ നേടിയത്. പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിട്ടുനിന്നതോടെയാണ് എല്‍.ഡി.എഫിനു ഭരണം ലഭിക്കുന്നത്. എന്നാല്‍ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി യെ പിന്തുണക്കാന്‍ യു.ഡി.എഫ് വന്നതോടെ സി.പി.എമ്മിന്റെ കണക്കു കൂട്ടലുകള്‍ അസ്ഥാനത്തായി. ബി.ജെ.പിയിലെ ദാമോദരന്‍ യു.ഡി.എഫ് പിന്തുണയോടെ വൈസ് പ്രസിഡന്റായി.
പിന്തുണച്ച അഞ്ച് അംഗങ്ങളെ കോണ്‍ഗ്രസില്‍ നിന്നു ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു. ഇതേ തുടര്‍ന്നു കുറ്റിക്കോലില്‍ കോണ്‍ഗ്രസിന് ഔദ്യോഗികമായി അംഗങ്ങളില്ലാത്ത അവസ്ഥയായിരുന്നു.
പഞ്ചായത്തില്‍ മൂന്നുമാസം കൂടുമ്പോള്‍ നടക്കാറുള്ള വനിതാ ജാഗ്രതാ സമിതിയോഗം ഇതുവരെ ചേര്‍ന്നിട്ടില്ലെന്നു യു.ഡി.എഫ് വിമതന്‍ ജോസഫ് പാറത്തട്ടേല്‍ പറഞ്ഞു. ബോര്‍ഡ് തീരുമാന പ്രകാരം പഞ്ചായത്തിന്റെ നിക്ഷേപം ദേശസാല്‍കൃത ബാങ്കിലേക്കു മാറ്റുന്നതിനു പകരം പടുപ്പുവനിതാ സൊസൈറ്റിയിലേക്കാണു പ്രസിഡന്റ് ഏകപക്ഷീയമായി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്‌കൂളുകളില്‍ ദേശാഭിമാനി മാത്രം വിതരണം ചെയ്തതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിരുന്നു. എന്‍.ടി ലക്ഷ്മിക്കെതിരേ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരേ ഒന്‍പതു വോട്ടുകള്‍ക്കാണു പാസായത്. ഇപ്പോള്‍ യു.ഡി.എഫ് വിമതരായ അഞ്ചുപേരും ബി.ജെ.പിയും ചേര്‍ന്നാണു പുതിയ ഭരണത്തിനു നീക്കം നടത്തുന്നത്.
നിലവിലെ സാഹചര്യത്തില്‍ ടി.ജെ ലിസിക്കാണു പ്രസിഡന്റ് സ്ഥാനം ലഭിക്കുക. വിമത പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ കുറച്ചു കാലങ്ങളായി സി.പി.എം പുകഞ്ഞുവരികയായിരുന്നു. പഞ്ചായത്തിന്റെ ഭരണം കൂടി നഷ്ടമായതോടെ പാര്‍ട്ടി കൂടുതല്‍ പ്രതിരോധത്തിലായി.
അതേസമയം, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിപ്പു ലംഘിച്ചതിനു പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ അംഗങ്ങളുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാതെ പരോക്ഷമായി കോണ്‍ഗ്രസ് ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."