ലഹരി തടയാന്‍ സാമൂഹിക ജാഗ്രത അനിവാര്യം: മുഖ്യമന്ത്രി
കണ്ണൂര്‍: കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ പ്രബുദ്ധതയെയും ഉയര്‍ന്ന പ്രതികരണ ശേഷിയെയും തകര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ ലഹരിയുടെ വ്യാപനത്തിനു പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ടെന്നും നാട്ടില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ആസക്തി ഇല്ലാതാക്കാന്‍ സമൂഹത്തിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ ഇടപെടലും തികഞ്ഞ ജാഗ്രതയും അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മടം മണ്ഡലത്തില്‍ നടപ്പാക്കുന്ന വിമുക്തി ലഹരി വര്‍ജന മിഷന്‍ പെരളശ്ശേരി എ.കെ.ജി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയില്‍, പ്രത്യേകിച്ച് വിദ്യാര്‍ഥികളില്‍ ഇവയുടെ ഉപയോഗം അപകടകരമാംവിധം വര്‍ധിച്ചതിനു പിന്നില്‍ ഇത്തരം ശക്തികളുണ്ടോ എന്നു പരിശോധിക്കണം. അന്താരാഷ്ട്രതലത്തില്‍ കണ്ണികളുള്ള അതിശക്തമായ മാഫിയയാണ് ഇതിനു പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്തകാലത്തായി ലഹരി വസ്തുക്കള്‍ എവിടെയും എളുപ്പത്തില്‍ ലഭ്യമാകും വിധം വ്യാപകമായിട്ടുണ്ട്. വിദ്യാര്‍ഥികളടക്കമുള്ളവരെ ലഹരിയുടെ അടിമകളാക്കാന്‍ ഏജന്റുമാരുടെ സഹായത്തോടെ വലിയ റാക്കറ്റു തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിപത്തിനെ നേരിടാന്‍ പോലിസിനോ എക്‌സൈസിനോ മാത്രം സാധിക്കില്ല. നാടും നാട്ടുകാരും ഒന്നായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഈ സാമൂഹിക വിപത്തുകളെ നിയമം മൂലമുള്ള നിരോധനത്തിലൂടെ ഇല്ലാതാക്കാനാവുമെന്നു കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ അവ കണ്ടെത്താനുള്ള നീക്കങ്ങള്‍ക്കാണ് അതു വഴിവയ്ക്കുക. പകരം ശക്തമായ ബോധവല്‍ക്കരണവും അതുവഴിയുള്ള മദ്യവര്‍ജനവുമാണ് ആവശ്യം.
സമൂഹത്തില്‍ നിന്നു വലിയൊരളവു വരെ പുകവലി നിര്‍മാര്‍ജനം ചെയ്യാനായത് അതിന്റെ വിപത്തിനെക്കുറിച്ചുള്ള ശക്തമായ ബോധവല്‍ക്കരണത്തിലൂടെയാണ്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിമുക്തി പദ്ധതിയിലൂടെ ഇതാണു ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."