ജൈവകൃഷിയില്‍ നൂറുമേനി കൊയ്ത് അടുക്കത്തു ബയലിലെ വിദ്യാര്‍ഥികള്‍
കാസര്‍കോട്: കാര്‍ഷിക സംസ്കാരവും ജൈവകൃഷിയും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കാസര്‍കോട് അടുക്കത്ത് ബയല് ഗവ.യു.പി സ്കൂളിലെ വിദ്യാര്‍ഥികള്‍ നടത്തിയ ജൈവ ചീരകൃഷിക്കു നൂറുമേനി വിളവ്. സ്കൂളിലെ ഇക്കോ ക്ലബിലെ അംഗങ്ങളാണു ജൈവ പച്ചക്കറി തോട്ടം ഒരുക്കിയത്. കഠിനാധ്വാനത്തിലൂടെ നടത്തുന്ന കൃഷിയില്‍ പാവല്‍, പയര്‍, വെള്ളരി, വെണ്ട, കാബേജ്, കോളിഫ്ളവര്‍ എന്നിവയും വിളവിനു പാകമായിട്ടുണ്ട്.
ഒരുമാസം മുമ്പാണു സ്കൂളിനു സമീപത്തുള്ള തരിശായ പുറംപോക്കുഭൂമിയില്‍ കൃഷിയാരംഭിച്ചത്. ഇതിനായി സി.പി.സി.ആര്.ഐ കൃഷി വിജ്ഞാന് കേന്ദ്രയുടെ സഹായവും ലഭിച്ചു. പത്തുസെന്റ് സ്ഥലത്താണു ചീരയുടെ വിത്തിറക്കിയത്. വിളവെടുത്തു മിച്ചം വന്ന ചീരകളില്‍ 50 കിലോ വിദ്യാര്‍ഥികള്‍ വില്പന നടത്തി. ഇനി വിളവെടുക്കുന്ന ജൈവ പച്ചക്കറികള്‍ സ്കൂളിലെ ആവശ്യത്തിനു ശേഷം വില്പന നടത്താനാണു കുട്ടികളുടെ തീരുമാനം.
സ്കൂളിലെ വിസ്മയ, താനിയ, തേജസ്വനി, മൃദുല്‍ രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണു കൃഷി തുടങ്ങിയത്. സ്കൂളിലെ അധ്യാപകരായ സുജാ മേഴ്സി ജോസ്, മിനി പി തോമസ്, സ്വപ്ന, അശോകന് കുണിയേരി തുടങ്ങിയവരുടെ പ്രോല്‍സാഹനവും വിദ്യാര്‍ഥികള്‍ക്കു ലഭിച്ചിരുന്നു. ജൈവകൃഷിയില്‍ വിജയം കണ്ട സന്തോഷത്തോടെ ഇന്നലെ സ്കൂളിലെ ഉച്ചഭക്ഷണത്തിനു ചീരയും പരിപ്പും ഉപയോഗിച്ചു സദ്യയും ഒരുക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."