എച്ച്.ഐ.വി.ക്കെതിരേ ജാഗ്രത പുലര്‍ത്താന്‍ പ്രതിജ്ഞ
മലപ്പുറം: എച്ച്.ഐ.വി ബാധയ്ക്കു കാരണമാകുന്ന സാഹചര്യങ്ങളില്‍നിന്നു വിട്ടുനില്‍ക്കുമെന്നും എയ്ഡ്‌സ് രോഗബാധിതരെ സാധാരണക്കാരെപോലെ തുല്യനിലയില്‍ പരിഗണിക്കുമെന്നും മെഴുകുതിരി റാന്തല്‍ കത്തിച്ച് കൈ ഉയര്‍ത്തിക്കാട്ടി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പ്രതിജ്ഞ ചെയ്തു. ജില്ലാ ആരോഗ്യവകുപ്പിന്റെയും ജില്ലാപഞ്ചായത്ത് 'സുരക്ഷ'യുടെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങിലായിരുന്നു പ്രതിജ്ഞ.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ഉബൈദുള്ള എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ജില്ലാ കലക്ടറുടെ വസതിക്കു സമീപത്തുനിന്ന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത സന്ദേശ റാലിയോടെയാണ് ജില്ലാതല എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ തുടങ്ങിയത്. കലക്ടര്‍ അമിത് മീണ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിച്ചു.
സന്ദേശ റാലിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലപ്പുറം മാസ് കോളജ്, സെന്റ് ജെമ്മാസ് സ്‌കൂള്‍, എം.എസ്.പി സ്‌കൂള്‍ എന്നിവയ്ക്കു മലപ്പുറം സര്‍വിസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ട്രോഫികള്‍ എം.എല്‍.എ വിതരണം ചെയ്തു. എന്‍.എം ബഷീര്‍ മൂന്നിയൂരിന്റെ എയ്ഡ്‌സ് സംബന്ധമായ നോവല്‍ 'ഡിസംബര്‍ ഒന്ന് ' എ.പി ഉണ്ണികൃഷ്ണന് നല്‍കി എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, മലപ്പുറം നഗരസഭാ ഉപാധ്യക്ഷന്‍ പെരുമ്പിള്ളി സെയ്ത്, ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുറഷീദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ഡി.പി.എം ഡോ. എ. ഷിബുലാല്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ കെ.വി പ്രകാശ്, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ടി.എം ഗോപാലന്‍, ഡെപ്യൂട്ടി മാസ്മീഡിയാ ഓഫിസര്‍ കെ.പി സാദിഖലി, സുരക്ഷ മാനേജര്‍ ഹമീദ് കട്ടുപ്പാറ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."