സംസ്ഥാന കായികോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: നാളെ ട്രാക്കുണരും...
മലപ്പുറം: 60ാമത് കേരള സംസ്ഥാന സ്കൂള്‍ കായികോത്സവത്തെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങി. തേഞ്ഞിപ്പലം കാലിക്കറ്റ് യൂനിവേഴ്സിറ്റി സി.എച്ച് മുഹമ്മദ് കോയ സ്റ്റേഡിയത്തിലാണ് നാളെ മുതല്‍ ആറുവരെ കായികോത്സവം നടക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ഇവിടത്തെ സിന്തറ്റിക് ട്രാക്ക് നാടിനു സമര്‍പ്പിച്ചത്. ഇ. അഹമ്മദ് എം.പിയുടെ ശ്രമഫലമായി കേന്ദ്ര സര്‍ക്കാരില്‍നിന്നു ലഭിച്ച അഞ്ചു കോടി രൂപ ചെലവഴിച്ചാണ് ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്മാന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേളയുടെ വിജയത്തിനായി ജനപ്രതിനിധികള്‍, വിവിധ അധ്യാപക അനധ്യാപക സംഘടനകള്‍, ക്ലബുകള്‍ എന്നിവരടങ്ങിയ 18 സബ് കമ്മിറ്റികളാണ് രൂപീകരിച്ചിരിക്കുന്നത്. 17 സ്കൂളുകളിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍നിന്നെത്തുന്ന അത്ലറ്റുകള്‍ക്കു താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാനായി ഫറോക്ക്, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുന്ന അത്ലറ്റുകള്‍ക്ക് സ്വീകരണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
ഉച്ചയ്ക്ക് 1.30ന് കാസര്‍കോട് ജില്ലയില്‍നിന്നെത്തുന്ന ആദ്യ കായിക സംഘത്തിന് ഉജ്വല വരവേല്‍പ്പ് നല്‍കും. ഉച്ചയ്ക്കു രണ്ടു മുതലാണ് രജിസ്ട്രേഷന് നടക്കുക. രാത്രി 12വരെ രജിസ്ട്രേഷന് നീണ്ടുനില്‍ക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അത്ലറ്റുകള്‍ക്ക് പ്രത്യേക യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."