മൗലിദാഘോഷം പ്രാമാണികമാണ്
മുഹമ്മദ് നബി(സ്വ)യുടെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ പ്രവാചകരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നതാണ് നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നത്. ലോക മുസ്‌ലിംകള്‍ ഈ ദിനം കാലങ്ങളായി ആഘോഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സദസ്സുകളില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷണവും ഉപഹാരവും നല്‍കലും ഇന്ന് നബിദിന പരിപാടിയുടെ ഭാഗമായി നടക്കുന്നു.
എന്നാല്‍ ഇത്തരം ആചാരങ്ങള്‍ തെറ്റാണെന്നും പ്രാമാണിക വിരുദ്ധമാണെന്നും ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. ആദ്യകാലങ്ങളില്‍ മൗലിദ് ആഘോഷം ഇല്ലെന്നും അതിനാല്‍ അത് തെറ്റാണെന്നുമാണ് അവരുടെ വാദം. എന്നാലിത് വസ്തുതാ പരമല്ല. മഹാനായ ഇബ്‌നുഹജറുല്‍ ഹൈതമി(റ) പറയുന്നു: 'ബിദ്അത്ത് ഹസനത്ത് സുന്നത്താണെന്ന് എന്നതില്‍ പണ്ഡിതര്‍ ഏകാഭിപ്രായക്കാരാണ്. മൗലിദിന്റെ പ്രവൃത്തിയും അതിനായി ജനങ്ങള്‍ ഒരുമിക്കലും ഈ ഇനത്തില്‍ പെട്ട സല്‍ക്കര്‍മങ്ങളാണ്.' ഇമാം നവവിയുടെ ഗുരുവര്യനായ ഇമാം അബൂ ശാമ(റ) തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നു: 'നമ്മുടെ കാലത്ത് നടപ്പുള്ള ഏറ്റവും നല്ല ബിദ്അത്തുകളില്‍ പെട്ടതാണ് നബി(സ)യുടെ ജന്മദിനത്തോട് യോജിച്ച് വരുന്ന ദിവസം എല്ലാ വര്‍ഷവും നടത്തുന്ന ദാനധര്‍മങ്ങളും പ്രയോജനപ്രദമായ കാര്യങ്ങളും അലങ്കാര സന്തോഷ പ്രകടനങ്ങളും. അവയില്‍ സാധുക്കള്‍ക്ക് ഉപകാരമുള്ളതിന് പുറമെ അത് ചെയ്യുന്നവരുടെ ഹൃദയത്തില്‍ റസൂല്‍(സ)യോടുള്ള സ്‌നേഹ പ്രകടനവും അവിടുത്തെ ലോകത്തിന് അനുഗ്രഹമായി നല്‍കിയ അല്ലാഹുവിന് നന്ദി രേഖപ്പെടുത്തലുമുണ്ട്.'
പ്രവാചകരുടെ ചരിത്രം അനുസ്മരിക്കുന്നത് മനോബലം നല്‍കാനും വിശ്വാസദൃഢത വരുത്താനും കാരണമാകുമെന്ന് ഖുര്‍ആന്‍ പറയുന്നു: ' തങ്ങളുടെ ഹൃദയത്തിനു സ്ഥിരത നല്‍കുന്നതിനു പ്രവാചകന്മാരുടെ വൃത്താന്തങ്ങള്‍ നാം തങ്ങള്‍ക്കു കഥയായി പറഞ്ഞു തരുന്നു' (ഹൂദ്:120) പ്രവാചകന്മാരുടെ ചരിത്ര ങ്ങള്‍ ഖുര്‍ആനിലൂടെ അല്ലാഹു വിശദീകരിക്കുന്നത് നബി(സ)യുടെ മനസിന് കൂടുതല്‍ കരുത്ത് പകരുമെന്നാണ് ഈ സൂക്തം വ്യക്തമാക്കുന്നത്. അപ്പോള്‍ നബി(സ)യുടെ മദ്ഹുകളും ചരിത്രങ്ങളും മുസ്്‌ലിംകളുടെ മനസിന് കരുത്ത് പകരും എന്ന കാര്യം സുനിശ്ചിതമാണല്ലോ.
പ്രവാചകന്മാര്‍ ജനിച്ച ദിവസത്തിനു എന്തെങ്കിലും പ്രത്യേകത ഇല്ലെന്നാണ് ചിലരുടെ പ്രചാരണം. നബി (സ) തങ്ങള്‍ ജനിച്ച ദിവസത്തിനു പ്രാധാന്യം കല്പിച്ചു കൊണ്ട് പ്രസ്തുത ദിവസം നോമ്പെടുക്കുന്നതിനെ നബി (സ്വ) പ്രോത്സാഹിപ്പിച്ചിരുന്നു. അബൂഖതാദ (റ)വില്‍ നിന്നുള്ള നിവേദനം: നിശ്ചയം തിങ്കളാഴ്ച ദിവസം വ്രതമനുഷ്ഠിക്കുന്നതിനെ കുറിച്ച് നബി(സ) യോട് ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: 'അന്ന് ഞാന്‍ ജനിച്ച ദിവസമാണ്, എനിക്ക് പ്രവാചകത്വം ലഭിച്ചതും ഖുര്‍ആന്‍ അവതരിക്കപ്പെട്ടതും അന്ന് തന്നെ' (മുസ്്‌ലിം).
വെള്ളിയാഴ്ചയുടെ പ്രാധാന്യത്തെ കുറിച്ച് ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: അന്ന് ആദം നബി (അ) സൃഷ്ടിക്കപ്പെട്ടു. (മുസ്്‌ലിം, തിര്‍മുദി, മുവത്വ) ഈസാ നബി (അ) ജനിച്ച ദിവസം അദ്ദേഹത്തിനു പ്രത്യേക സമാധാനം നല്കപ്പെട്ടുവെന്നു വിശുദ്ധ ഖുര്‍ആന്‍ (മര്‍യം: 33) വ്യക്തമാക്കുന്നു.
നബി (സ)യുടെ ആഗമനത്തില്‍ നാം സന്തോഷം പ്രകടിപ്പിക്കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. 'നബിയെ പറയുക, അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൊണ്ട് അവര്‍ സന്തോഷിക്കട്ടെ' (യൂനുസ്:58) അല്ലാഹുവിന്റെ കാരുണ്യമെന്നാല്‍ നബി(സ)യാണെന്ന് സൂറത്ത് അമ്പിയാഅ് 107 ാം സൂക്തം വ്യക്തമാക്കുന്നു.
നബി(സ) മക്കയില്‍ നിന്ന് പാലായനം ചെയ്ത് മദീനയില്‍ വന്നപ്പോള്‍ മദീന നിവാസികളായ സ്വഹാബികള്‍ ആഘോഷ പൂര്‍വമാണ് നബി(സ) തങ്ങളെ സ്വീകരിച്ചത്. അനസ്(റ)വില്‍ നിന്നും നിവേദനം. നബി(സ) മദീനയില്‍ വന്നപ്പോള്‍ തങ്ങളുടെ ആഗമനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ടു എത്യോപ്യക്കാര്‍ അവരുടെ ചാട്ടു കുന്തം ഉപയോഗിച്ച് ഒരു പ്രത്യേക കളി നടത്തി. (അബൂ ദാവൂദ്)
നബി(സ) മദീനയില്‍ വന്ന ദിവസം സ്വഹാബിമാര്‍ക്ക് പെരുന്നാള്‍ ദിനത്തേക്കാള്‍ കൂടുതല്‍ സന്തോഷമുള്ള ദിവസമായിരുന്നെന്ന് ചരിത്രത്തില്‍ രേഖപ്പെട്ട് കിടക്കുന്നുണ്ട്. സ്വഹീഹുല്‍ ബുഖാരിയുടെ പ്രമുഖ വ്യാഖ്യാതാവായ ഇബ്‌നു ഹജറില്‍ അസ്ഖലാനി(റ) രേഖപ്പെടുത്തിയിരിക്കുന്നു. (ഫത് ഹുല്‍ ബാരി 2443).
ആദ്യനൂറ്റാണ്ടുകാരായ പല പണ്ഡിതരും മൗലിദ് രചിച്ചതായി കാണാം. ഹാഫിള് ഇബ്‌നു ഹജറുല്‍ അസ്ഖലാനി (റ), ഇമാം ഇബ്‌നു കസീര്‍ (റ), ഇമാം സുയൂത്വി (റ), ഇമാം സഖാവി(റ), ഇമാം ഇബ്‌നുല്‍ ജൗസി(റ) തുടങ്ങിയ മുന്‍ഗാമികളില്‍ പ്രമുഖരെല്ലാം നബിദിനം നടത്തിയവരും പ്രോത്സാഹിപ്പിച്ചവരുമാണ്. മൗലിദ് വിരോധികളായി വിശ്രുതരായ നവീനവാദികളുടെ ആദ്യകാലനേതാക്കളും മീലാദാഘോഷത്തെ അംഗീകരിച്ചവരാണ്. അബുല്‍ ഹസ്സന്‍ അലി നദവി, ഡോ.യുസുഫുല്‍ ഖര്‍ളാവി, കേരളത്തിലെ മുജാഹിദ് സ്ഥാപക നേതാക്കളായ കെ.എം മൗലവി, ഇ.കെ മൗലവി തുടങ്ങിയവരൊക്കെ നബിദിന പരിപാടികള്‍ ശരിവയ്ക്കുകയും സംഘടിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തവരാണ്.
ഇബ്‌നു തൈമിയ്യ നബിദിനാഘോഷത്തെ മുക്തകണ്ഠം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്തിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: ' നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുന്നവര്‍ക്കും അതൊരു ആഘോഷ സുദിനമാക്കുന്നവര്‍ക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണു ഇത് അവന്റെ ഉദ്ദേശശുദ്ധിയും പ്രവാചകാദരവിനാലുമാണ്.' (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം, പേജ് 274 )
ഇ.കെ. മൗലവി എഴുതി: 'റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മുസ്‌ലിംകളായ നമ്മുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ് മുസ്ത്വഫ(സ്വ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസത്തിലാണ് അതു കൊണ്ടു തന്നെയാണ് ഈ മാസം അടുത്തു വരുമ്പോള്‍ മുസ്‌ലിംകള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ് (സ്വ)യെ പറ്റി അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ ലോകത്തിനു റഹ്മത്തായിട്ടാണ് അല്ലാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത.്' (അല്‍ മുര്‍ശിദ് പുസ്തകം: 1 ലക്കം: 5).
മുജാഹിദുകളുടെ മറ്റൊരു പ്രമുഖ നേതാവായിരുന്ന എം.സി.സി അഹ്മദ് മൗലവി മൗലിദാഘോഷത്തിന്റെ ഗുണഫലങ്ങള്‍ വിവരിച്ചതിനു ശേഷം എഴുതുന്നു; ' മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഇക്കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ് ഒരു പുണ്യ സദസ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. ഈ മജ്‌ലിസില്‍ മൗലിദില്‍ (മൗലിദ് സദസ്സില്‍ ) ദീനിയ്യായ, സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം ഉണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം' (അല്‍ മുര്‍ശിദ് പുസ്തകം: 4 ലക്കം: 1)
ആധികാരികത അരയ്ക്കിട്ടുറപ്പിച്ച് കെ.എം. മൗലവി എഴുതി:'അതിനാല്‍ മുഹമ്മദ് നബിയെ അല്ലാഹുതആല ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിനെ ഈ മാസത്തില്‍ നബിയുടെ ദഅ്‌വത്ത് (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലാഹു തആലാക്ക് ശുകറ് ചെയ്യണം.
അതിനായി ദേശങ്ങള്‍തോറും മൗലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാ ജാതി മതസ്ഥരെയും സമ്മേളിപ്പിച്ച് അവര്‍ക്കെല്ലാം നബിയുടെ ദഅ്‌വത്ത് തബ്‌ലീഗ് ചെയ്യുന്ന കടമയെ നാം നിര്‍വഹിക്കുകയും ഈ മാസത്തിലും റമസാന്‍ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്‌ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം.' (അല്‍ മുര്‍ശിദ്, പുസ്തകം : 1, ലക്കം :5). ഒരു കാലത്ത് മൗലിദാഘോഷത്തെ സ്വീകരിച്ചിരുന്നവര്‍ക്ക് പിന്നീട് വന്ന ഉള്‍വിളിയാണ് മൗലിദ് വിമര്‍ശനത്തിന് പിന്നില്‍. അല്ലാതെ പ്രമാണങ്ങളുടെ ആധികാരികതയല്ല.
നബിദിനാഘോഷം ബിദ്അത്തും ശിര്‍ക്കും ആണെന്ന് പ്രചരിപ്പിക്കുന്നവര്‍ ആദ്യകാല മുജാഹിദ് നോതാക്കള്‍ മുബ്തദിഉകളും മുശ്്‌രിക്കുകളും ആയിരുന്നു എന്ന് വാദിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയേണ്ടത് നബിദിനാഘോഷം ഇസ്‌ലാമികമല്ലെന്ന് പ്രചരിപ്പിക്കുന്നവരാണ്. മുസ്്‌ലിം ഉമ്മത്തിന്റെ വിശ്വാസങ്ങളെ തകര്‍ക്കുകയും ബലഹീനമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് അത്തരക്കാരെന്ന് പറയാതെ വയ്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."