വാര്‍ധക്യത്തിന്റെ അവശതയിലും, പ്രതീക്ഷയോടെ അതിരാവിലെ അവരെത്തി
തിരുവനന്തപുരം: വാര്‍ധക്യത്തിന്റെ അവശതയിലും അതിരാവിലെ അവര്‍ വന്നു. പെന്‍ഷന്‍ തുക വാങ്ങാന്‍. ഇന്നലെ അഞ്ചു മണിക്ക് തന്നെ സംസ്ഥാനത്തെ പല ട്രഷറിക്കു മുന്നിലും പെന്‍ഷന്‍കാരുടെ നീണ്ട നിര കാണാമായിരുന്നു.
സംസ്ഥാനത്തെ നാലര ലക്ഷം പെന്‍ഷന്‍കാരില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ ഇന്നലെ പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറികളിലെത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. എല്ലാ മാസവും പെന്‍ഷന്‍കാര്‍ ഉച്ചയോടടുത്താണ് ട്രഷറികളിലെത്തുന്നത്. ടോക്കന്‍ വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങുമായിരുന്നു.
കറന്‍സി ക്ഷാമത്തെത്തുടര്‍ന്ന് ട്രഷറികള്‍ കാലിയാകുമെന്ന വിവരത്തെത്തുടര്‍ന്നാണ് വെളുപ്പിനു തന്നെ പലരും പെന്‍ഷനു വേണ്ടി ട്രഷറികളിലെത്തിയത്. ആഹാരം പോലും കഴിക്കാതെ പലരും മണിക്കൂറുകളോളം ക്യൂവില്‍ നിന്നു. പലരും അവശരായി. പത്തു മണിയായപ്പോള്‍ ട്രഷറി അധികൃതര്‍ ടോക്കന്‍ നല്‍കി. എന്നാല്‍ പണ ദൗര്‍ലഭ്യം കാരണം പെന്‍ഷന്‍കാര്‍ക്ക് 24000 രൂപ നല്‍കിയില്ല. ചില ട്രഷറികളില്‍ അയ്യായിരം രൂപ മാത്രമാണ് നല്‍കിയത്.
പരാതികള്‍ വന്നതിനെ തുടര്‍ന്ന് ഉച്ചയോടെ ധനമന്ത്രി തോമസ് ഐസക് 24000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടു. ഇതോടെ പല ട്രഷറികളിലും പണം തീര്‍ന്നു. വെളുപ്പിന് വന്നു ക്യൂ നിന്ന പലരും പെന്‍ഷന്‍ വാങ്ങാന്‍ കഴിയാതെ മടങ്ങി. സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത്. പലരും പല അസുഖങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവരായിരുന്നു.
നഗര പ്രദേശങ്ങളിലെ ട്രഷറികളില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് പണം ലഭിച്ചെങ്കിലും നാട്ടിന്‍പുറത്തെ ട്രഷറികളില്‍ വെളുപ്പിന് മുതല്‍ ക്യൂ നിന്നവര്‍ക്ക് നിരാശയായിരുന്നു ഫലം.
അവര്‍ ഉച്ചവരെ ട്രഷറികള്‍ക്ക് മുന്നില്‍ കാത്തു നിന്നു. പണം ലഭിക്കാതെ വന്നത് പല ട്രഷറികളിലും ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. പെന്‍ഷന്‍ പണം വാങ്ങി ഒരു മാസത്തെ മരുന്ന് വാങ്ങുന്നവരും മറ്റു ചിലവുകള്‍ നടത്തുന്നവരുമാണ് കുഴഞ്ഞത്.
മരുന്നു വാങ്ങാന്‍ പോലും പണമില്ലാതെ പലരും അവശ നിലയിലായിരുന്നു. പണം കിട്ടിയ പലര്‍ക്കും മുഴുവന്‍ ലഭിക്കാത്തതിനാല്‍ വീണ്ടും ട്രഷറികളിലെത്തി ക്യൂ നില്‍ക്കേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."