കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് ജാബിര്‍ അല്‍ മുബാറക് തുടരും
കുവൈത്ത് സിറ്റി: കുവൈത്ത് പ്രധാനമന്ത്രിയായി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് തുടരും. ശൈഖ് ജാബിറിനോട് പ്രധാനമന്ത്രിയായി തുടരാന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇനി പ്രധാനമന്ത്രി മന്ത്രിസഭ രൂപീകരിക്കും. മന്ത്രിമാരുടെ പേരുകള്‍ അമീറിന്റെ അനുമതിക്കായി സമര്‍പ്പിക്കും.
ബുധനാഴ്ച അമീര്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് മുന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം, മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ അല്‍ മുഹമ്മദ് അല്‍ ഹമദ് അസ്സബാഹ്, ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹ് എന്നിവര്‍ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് അമീറുമായി ചര്‍ച്ച നടത്തിയിരുന്നു.
കുവൈത്ത് ഭരണഘടനപ്രകാരം പുതിയ പാര്‍ലമെന്റ് വരുമ്പോള്‍ മന്ത്രിസഭ രാജിവച്ച് വീണ്ടും അധികാരമേല്‍ക്കേണ്ടതുണ്ട്. ഇതനുസരിച്ച് തിങ്കളാഴ്ച പ്രധാനമന്ത്രി അമീറിന് രാജി സമര്‍പ്പിച്ചിരുന്നു. ഡിസംബര്‍ 11നാണ് പുതിയ പാര്‍ലമെന്റിന്റെ ആദ്യയോഗം. ഇതിനുമുന്‍പ് മന്ത്രിസഭ രൂപീകരിക്കും. രാജിവച്ചെങ്കിലും പുതിയ മന്ത്രിസഭ വരുന്നതുവരെ നിലവിലെ മന്ത്രിമാര്‍ തല്‍സ്ഥാനത്ത് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."