ചെ ഗുവേരയുടെ ശവകുടീരത്തില്‍ കാസ്ട്രോയുടെ വിലാപയാത്ര.....
സാന്റ ക്ലാര: ക്യൂബയുടെ വിപ്ലവനായകന് ഫിദല്‍ കാസ്ട്രോയുടെ ചിതാഭസ്മം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സുഹൃത്തായിരുന്ന ഏണസ്റ്റോ ചെ ഗുവേരയുടെ ശവകുടീരത്തിലെത്തി. മൂന്നു ദിവസത്തെ വിലാപയാത്രയുടെ ആദ്യ ഘട്ടത്തിലാണ് ചിതാഭസ്മം സാന്റ ക്ലാരയിലെത്തിയത്. ജീവിതത്തിലും പോരാട്ടകാലത്തും ഇരുവരും ചേര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ ഗറില്ലാ യുദ്ധം നയിച്ചിരുന്നു.
ഇരുവരുടെയും 'വീണ്ടും ഒത്തുചേരല്‍' എന്നാണ് ക്യൂബന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. നേരത്തെ കാസ്ട്രോയുടെ സംസ്കാരത്തിനുശേഷം വിലാപയാത്ര നടത്തുമെന്നും ഞായറാഴ്ച സാന്റിയാഗോയില്‍ ചിതാഭസ്മം അടക്കംചെയ്യുമെന്നും ക്യൂബന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.
അതേസമയം, ചെ ഗുവേരയുടെ ശവകുടീരത്തിലെത്തിയ വിലാപയാത്രയെ കുറിച്ച് ആവേശത്തോടെയാണ് ക്യൂബന്‍ ജനത സംസാരിച്ചത്. ക്യൂബയുടെ ചരിത്രം മാറ്റിയെഴുതിയ രണ്ട് മഹത്തായ നേതാക്കളുടെ ചരിത്രപരമായ കൂടിക്കാഴ്ചയെന്നാണ് മെഡിക്കല്‍ ഇമേജിങ് ടെക്നീഷ്യനായ അഗ്നിയര് സാഞ്ചേസ് വിലാപയാത്രയെ വിശേഷിപ്പിച്ചത്.
ചടങ്ങിനിടെ 1959ല്‍ ഫുള്‍ജെന്‍സിയോ ബാറ്റിസ്റ്റ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ഫിദലിനെ അനുസ്മരിച്ചു. പലരും ഞാനാണ് ഫിദല്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
ഇതൊരു വിശുദ്ധമായ സ്ഥലമാണ്. ചെ ഗുവേര ഇവിടെയാണ് വിശ്രമിക്കുന്നത്. ഈ രാത്രി ഫിദലും ഇവിടെയാണ് കഴിയുന്നത്. അതും പോരാട്ടത്തിലെ പങ്കാളിക്കൊപ്പം- പെഡ്രോ പിനെഡ എന്ന തൊഴിലാളി പറഞ്ഞു.
ചടങ്ങില്‍ നാടോടി ഗായക സംഘങ്ങളും നാടക ട്രൂപ്പുകളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ചെ ഗുവേരയും ഫിദലും മെക്സിക്കോയില്‍ വച്ചാണ് ആദ്യമായി കണ്ടുമുട്ടുന്നത്. തുടര്‍ന്ന് ഇരുവരും പരിശീലനത്തിനുശേഷം 1956ല്‍ ക്യൂബയിലെത്തുകയും ഭരണകൂടത്തെ അട്ടിമറിക്കുകയുമായിരുന്നു.
ക്യൂബയില്‍ സെന്‍ട്രല്‍ ബാങ്ക്, വ്യവസായ മന്ത്രിയായിരുന്നു ചെ ഗുവേര. പിന്നീട് ലാറ്റിനമേരിക്കയില്‍ ഉടനീളം വിപ്ലവമുന്നേറ്റങ്ങള്‍ക്ക് ശ്രമിക്കവേയാണ് ചെ ഗുവേര കൊല്ലപ്പെടുന്നത്. സി.ഐ.എയുടെ നേതൃത്വത്തിലുള്ള ബൊളീവിയന്‍ സൈനികരാണ് കൊലപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."