സ്മാര്‍ട്ട് ഫോണുണ്ടോ, ഭിന്നശേഷിക്കാരുടെ ഡോക്ടര്‍ ഓണ്‍ലൈനിലുണ്ട്
മലപ്പുറം: ശാരീരിക അവശതകള്‍ നേരിടുന്നവര്‍ക്ക് ഇനി ആശുപത്രിയിലെത്താതെയും ചികിത്സ തേടാം. കൈയിലൊരു സ്മാര്‍ട്ട് ഫോണുണ്ടെങ്കില്‍ ഓണ്‍ലൈന്‍ വഴി ഡോക്ടര്‍മാര്‍ നിങ്ങളുടെ അടുത്തെത്തും. ഓണ്‍ലൈനിലൂടെയുള്ള ഒ.പി സംവിധാനം സംസ്ഥാനത്ത് ആദ്യമായി തിരൂര്‍ ജില്ലാ ആശുപത്രിയില്‍ തുടങ്ങുകയാണ്. ഭിന്നശേഷിക്കാരുള്‍പ്പെടുന്ന, ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വരം എന്ന കൂട്ടായ്മയാണ് സര്‍ക്കാര്‍ ആശുപത്രിക്കു വേണ്ടി പ്രത്യേക സോഫ്റ്റ്‌വെയര്‍ തയാറാക്കിയിരിക്കുന്നത്.
വാട്‌സാപ്പ്, ഐ.എം.ഒ, സ്‌കൈപ്പ്, ഹൈക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി ഭിന്നശേഷിക്കാര്‍ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടാം. പ്രത്യേകം തയാറാക്കിയ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ ഒ.പിയിലിരുന്നു കൊണ്ട് തന്നെ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ രോഗിയുമായി സംസാരിക്കും. രോഗവിവരങ്ങള്‍ ചോദിച്ചറിഞ്ഞും ഓണ്‍ലൈന്‍ പരിശോധന നടത്തിയും തത്സമയം മരുന്നു നിര്‍ദ്ദേശിക്കാനും സാധിക്കും. ശബ്ദമായും ഇംഗ്ലീഷ് എഴുത്തുകളായും രോഗിക്ക് നല്‍കേണ്ട മരുന്നുവിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനവും സോഫ്റ്റ്‌വെയറില്‍ ഒരുക്കിയിട്ടുണ്ട്.
രോഗം ബാധിച്ച വ്യക്തികളുടെയും ബന്ധുക്കളുടെയും യാത്രാക്ലേശവും സാമ്പത്തികച്ചെലവും കുറക്കാനും വ്യായാമത്തിലും മറ്റ് പുനരധിവാസ ചികിത്സാമാര്‍ഗങ്ങളിലുമുള്ള രോഗിയുടെ നിഷ്ഠ ഉറപ്പുവരുത്താനും സംവിധാനത്തിലൂടെ സാധ്യയമാകുമെന്നാണ് പ്രതീക്ഷ. ചികിത്സയിലും പരിചരണത്തിലും കുടുംബത്തിന്റെയും ഉത്തരവാദിത്തമുള്ള വളണ്ടിയറുകളുടെയും സഹായവും ആവശ്യമെങ്കില്‍ മേല്‍നോട്ടവും ഉറപ്പാക്കാം.
ആദ്യഘട്ടത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന രോഗികള്‍ക്ക് ഓണ്‍ലൈന്‍ ഒ.പി സൗകര്യം ഒരുക്കാനാണ് ആശുപത്രി അധികൃതരുടെ പദ്ധതി. വിദഗ്ധരുടെ സഹായത്തോടെ സോഫ്റ്റ്‌വെയര്‍ കൂടുതല്‍ വിപുലപ്പെടുത്താനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഒ.പി സംവിധാനത്തിന്റെ ഉദ്ഘാടനം ഇന്ന് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി ഉമ്മര്‍ ഫാറൂഖ് നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."