പകുതി തുക കെട്ടിവെച്ചു: ജപ്തി ചെയ്ത തമിഴ്നാട് ബസ് വിട്ടുകൊടുത്തു
മഞ്ചേരി: കഴിഞ്ഞ ഒരുമാസത്തോളമായി ജപ്തി നടപടിയെ തുടര്‍ന്ന് മഞ്ചേരി ജില്ലാ കോടതി വളപ്പില്‍ പിടിച്ചിട്ടിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസ് അധികൃതര്‍ക്കു വിട്ടുകൊടുത്തു. പകുതി പണം കെട്ടിവെച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ടേ മുക്കാല്‍ ലക്ഷം രൂപയാണ് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് അധികൃതര്‍ മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രിബ്യൂണലായി പ്രവര്‍ത്തിക്കുന്ന ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ കെട്ടിവെച്ചത്. ബാക്കി തുക അടുത്ത ഫെബ്രുവരി മൂന്നിനകം കെട്ടിവെക്കണം .
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിടിച്ച് ഊരകം സ്വദേശികള്‍ മരിച്ച കേസിലാണ് തമിഴ്നാട് ബസ് ജപ്തി നടപിടകള്‍ നേരിട്ടിരുന്നത്. 2009 ഏപ്രില്‍ എട്ടിനാണ് സംഭവം. വേങ്ങര ഊരകം സ്വദേശി നെടുമ്പറമ്പ് റഹ്മത്ത് മോള്(21), മകള്‍ ഫാത്തിമ ഫിദ(ഒന്ന്) എന്നിവര്‍ ഏര്‍വാടി സന്ദര്‍ശനം കഴിഞ്ഞു മടങ്ങുന്നതിനിടെ കൊടൈക്കെനാലിനു സമീപം തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിടിച്ചു മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച കാറിലാണ് ബസിടിച്ചത്.
ടി.എന്‍.എസ്.ടി.സി മാനേജിങ് ഡയറക്ടര്‍, ബസ് ഡ്രൈവര്‍ സേതുരാമന് എന്നിവരെ പ്രതികളാക്കി നല്കിയ പരാതിയില്‍ 2013 ഏപ്രില്‍ 20ന് മഞ്ചേരി മോട്ടോര്‍ ആക്സിഡന്റ് ക്രൈം ട്രിബ്യൂണല്‍ അഞ്ചു ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം വിധിച്ചിരുന്നു. 2,44,000 രൂപയും കുഞ്ഞ് മരിച്ച കേസില്‍ 88,000 രൂപയും നല്‍കാനാണ് വിധിച്ചത്. ഇതിനു പുറമെ ഒന്‍പതു ശതമാനം പലിശയും കോടതി ചെലവുമുള്പ്പടെയാണ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടിയിരുന്നത്. ഇതില്‍ ഇപ്പോള്‍ നഷ്ടപരിഹാരമായി രണ്ടു ലക്ഷവും പലിശയിനത്തില്‍ 75,000 രൂപയുമുള്‍പ്പടെ 2.75 ലക്ഷം രൂപയാണ് കോര്പറേഷന് അധികൃതര്‍ കോടതിയില്‍ കെട്ടിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."