പ്രസവചികിത്സാ പിഴവു കാരണം മകന് ദുരിതമെന്ന് മാതാവിന്റെ പരാതി
തിരൂര്‍: പ്രസവ ചികിത്സാ പിഴവിനെ തുടര്‍ന്ന് മകന് ഏറെ കഷ്ടപ്പാടുണ്ടായെന്ന മാതാവിന്റെ പരാതിയില്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ നിര്‍ദേശം നല്‍കി. നീതി ലഭിച്ചില്ലെങ്കില്‍ ആശുപത്രിയ്ക്ക് മുന്നില്‍ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കി യുവതിയായ മാതാവ് നല്‍കിയ പരാതി പരിഗണിച്ചാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.
പരാതി പരിഗണിച്ച കമ്മിഷന്‍ അംഗം അഡ്വ. മോഹന്‍കുമാര്‍ കുട്ടിയ്ക്ക് ആധുനിക ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നും ഇതുസംബന്ധിച്ച് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയ്ക്കും ജില്ലാ കലക്ടര്‍ക്കും നിര്‍ദേശം നല്‍കുമെന്നും വ്യക്തമാക്കി. തവനൂര്‍ കാലടി വേരൂര്‍ മനക്കപറമ്പില്‍ അഭിലാഷിന്റെ ഭാര്യ സുമയാണ് അസുഖബാധിതനായ ഒന്നരവയസുകാരനോടൊപ്പം കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
2015 മെയ് 28ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞിന് മാരകമായി പരുക്കേറ്റെന്നും അതിനെ തുടര്‍ന്ന് ശരീരം തളര്‍ന്നെന്നുമാണ് പരാതി.
ഇക്കാര്യത്തില്‍ ആശുപത്രി മാനേജ്‌മെന്റ് തന്നോട് നീതി കാട്ടിയില്ലെന്നും സുമ അഭിലാഷ് കമ്മിഷന്‍ മുമ്പാകെ പറഞ്ഞു. വിദേശത്തായിരുന്ന ഭര്‍ത്താവ് മകന്റെ ചികിത്സക്കായി ജോലി ഉപേക്ഷിച്ചാണ് മടങ്ങി പോന്നതെന്നും കുട്ടിയ്ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ പോലും സാമ്പത്തിക പ്രശ്‌നം കാരണം കഴിയുന്നില്ലെന്നും സുമ കമ്മിഷന്‍ മുമ്പാകെ ബോധിപ്പിച്ചു.
പുന്നയൂര്‍ക്കുളം പഞ്ചായത്ത് ബീച്ച് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് മൈക്ക് ഓപ്പറേറ്ററെ അന്യായമായി അറസ്റ്റ് ചെയ്ത സംഭവത്തില്‍ കുന്നംകുളം ഡി.വൈ.എസ്.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാന്‍ കമ്മിഷന്‍ തീരുമാനിച്ചു.
തിരൂര്‍ തുവ്വക്കാട് കോഴിക്കാട്ടില്‍ ആഷിഫ് നല്‍കിയ പരാതിയിലാണ് തീരുമാനം. ഇന്നലെ കമ്മിഷന്‍ സിറ്റിങില്‍ 81 ഹരജികളാണ് പരിഗണിച്ചത്. ഇതില്‍ 14 എണ്ണം തീര്‍പ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."