പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം
പാലക്കാട്: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ പുരോഗതി സംബന്ധിച്ച അവലോകനം ജില്ലാതലത്തില്‍ ഡിസംബര്‍ 15-നകം പൂര്‍ത്തിയാക്കാന്‍ വികേന്ദ്രീകൃത ആസൂത്രണത്തിനുളള സംസ്ഥാനതല കോഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി.ഡെവലപ്പ്‌മെന്റ് കമ്മീഷ്ണര്‍ എന്നിവരുടെ ചുമതലയിലാണ് അവലോകനം നടത്തേണ്ടത്. വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായുളള പ്രൊജക്ടുകളില്‍ വിത്ത്, തൈ എന്നിവയ്ക്കും മൃഗസംരക്ഷണ പദ്ധതികളില്‍പ്പെടുത്തി വിരമരുന്നിനും നൂറുശതമാനം സബ്‌സിഡി നല്‍കാന്‍ കമ്മിറ്റി തീരുമാനിച്ചു.
പ്രൊജക്ടുകളുടെ എല്ലാ ഘടകങ്ങളും വിശദപരിശോധനയ്ക്ക് വിധേയമാക്കി വേണം ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കേണ്ടതെന്ന് കമ്മിറ്റി നിര്‍ദേശിച്ചു.
ജില്ലാ ആസൂത്രണസമിതി അംഗീകരിച്ച പ്രൊജക്ടുകളുടെ ഏതെങ്കിലും ഘടകത്തിന്റെ അംഗീകാരത്തിനായി വീണ്ടും കോഡിനേഷന്‍ കമ്മിറ്റിക്ക് പ്രൊജക്ടുകള്‍ സമര്‍പ്പിക്കുന്നത് ഒഴിവാക്കണം.
മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുളള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണ കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തിലൊ ഓണറേറിയം വ്യവസ്ഥയിലൊ നിയമനം നടത്തുന്നത് തുടരാനും കമ്മിറ്റി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."