അഞ്ചുവയസുകാരന്റെ മരണം: ബന്ധുക്കള്‍ സ്വകാര്യ ആശുപത്രി അടിച്ചുതകര്‍ച്ചു
പാറശാല: പാറശാലയിലുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണ് അഞ്ചു വയസുകാരന്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പാറശാല ജങ്ഷനിലുള്ള സ്വകാര്യ ആശുപത്രി അടിച്ചു തകര്‍ത്തു. തുടര്‍ന്ന് പുലര്‍ച്ചയോടെ കുട്ടിയുടെ മൃതദേഹവുമായി ദേശീയ പാത ഉപരോധിച്ചതിനാല്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.
മാര്‍ത്താണ്ഡം അഴകിയമണ്ഡപം മണലിക്കര വീട്ടില്‍ ജഹാംഗീറിന്റെ മകന്‍ ജാഫറുദ്ദീനാണ് (5) കഴിഞ്ഞദിവസം രാത്രി പാറശാലയിലുളള സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് കളിക്കുന്നതിനിടെ ജാഫര്‍ വീണ് തലയ്ക്ക് സാരമായ പരുക്കേറ്റിരുന്നു. തുടര്‍ന്ന് പാറശാലയിലുളള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം ആശുപത്രി അധികൃതര്‍ മടക്കി അയച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പനി ബാധിച്ചതിനെ തുടര്‍ന്ന് കുട്ടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സ നല്‍കി കുട്ടിയെ വീട്ടിലേയ്ക്ക് അയക്കുകയായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
എന്നാല്‍ രാത്രി എട്ട് മണിയോടെ കുട്ടിക്ക് വീട്ടില്‍ വച്ച് അപസ്മാരമുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒന്‍പത് മണിയോടെ ആശുപത്രിയിലെത്തിച്ച പ്രാഥമിത ചികിത്സപോലും നല്‍കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടയില്‍ കുട്ടി മരിക്കുകയും രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രിയി ലെ ജനാലയുടെ ചില്ലുകളും കസേരകളും മറ്റ് ഉപകരണങ്ങളും അടിച്ച് തകര്‍ക്കുകയായിരുന്നു.
ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പാറശാല പൊലിസ് കേസെടുത്തു. മൃതദേഹം ഇന്നലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."