റോഹിംഗ്യന്‍ മുസ്‌ലിംകള്‍ ശരണ ജീവിത ഇരകള്‍
മ്യാന്‍മര്‍ സേനയാല്‍ വംശഹത്യ നേരിട്ടുകൊണ്ടിരിക്കുന്ന റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥ നേരിട്ടു മനസ്സിലാക്കുവാന്‍ മുന്‍ യു.എന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ മ്യാന്‍മറില്‍ എത്തിയിരിക്കുകയാണ്. റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കൂട്ടക്കുരുതിക്ക് അദ്ദേഹത്തിന്റെ സന്ദര്‍ശനം ശമനമാകുമെങ്കില്‍ അത്രയും നല്ലത്. മ്യാന്‍മറിലെ റാഖിനെ സ്റ്റേറ്റില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ കൊല്ലപ്പെടാന്‍ തുടങ്ങിയിട്ടു ആഴ്ചകളായി. മനുഷ്യാവകാശ പോരാട്ടത്തിന്റെയും ജനാധിപത്യത്തിന്റെയും പതാക വാഹകയായി അറിയപ്പെടുന്ന നൊബേല്‍ ജേതാവ് ആങ്‌സാന്‍ സൂക്കി അധികാരത്തില്‍ വന്നിട്ടുപോലും റോഹിംഗ്യന്‍ കൂട്ടക്കുരുത്തിക്ക് അറുതിയായില്ല.
2015 നവംബറില്‍ മ്യാന്‍മറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സൂക്കിക്കുണ്ടായ അഭൂതപൂര്‍വമായ വിജയം ജനാധിപത്യ വിശ്വാസികള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും റോഹിംഗ്യന്‍ മുസ്‌ലിംകളുടെ കാര്യത്തില്‍ വലിയ പ്രതീക്ഷകളാണ് നല്‍കിയിരുന്നത്. രാജ്യാന്തര തലത്തില്‍ പ്രശസ്തി നേടിയ മനുഷ്യാവകാശ പ്രവര്‍ത്തകയായ അവര്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കു വേണ്ടി ഇതുവരെ ഒന്നും ഉരിയാടിയില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അവര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ആദര്‍ശത്തിന് ഘടക വിരുദ്ധമാണ് അവരുടെ ഇപ്പോഴത്തെ നിലപാട്. ലോകത്ത് ഏറ്റവും അധികം പീഡനം അനുഭവിക്കുന്ന നിര്‍ഭാഗ്യരായ ജനവിഭാഗമെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ ലോകം മുഖംതിരിഞ്ഞു നില്‍ക്കുകയാണ് ഇപ്പോഴും. പൗരാവകാശമില്ലാതെ തീര്‍ത്തും നിരാലംബരായി കഴിയുന്ന റോഹിംഗ്യന്‍ മുസ്‌ലിംകള്‍ സൂക്കിയിലായിരുന്നു അവസാന പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നത്.
അവരാണിപ്പോള്‍ മൗനത്തിന്റെ വാത്മീകത്തില്‍. സൂക്കിയുടെ കുറ്റകരമായ മൗനത്തിനെതിരേ ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതിഷേധ സ്വരം ഉയര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ മ്യാന്‍മര്‍ എംബസിക്ക് മുന്നില്‍ സൂക്കിയുടെ നിലപാടില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കഴിഞ്ഞ ദിവസം പ്രതിഷേധപ്രകടനം നടത്തുകയുണ്ടായി. റോഹിംഗ്യന്‍ പ്രദേശങ്ങളില്‍ മ്യാന്‍മര്‍ സേന നടത്തുന്ന ക്രൂരമായ കൊലപാതകങ്ങള്‍ അഗ്രകോടിയില്‍ എത്തിയതായി യു.എന്‍ മനുഷ്യാവകാശ ഏജന്‍സി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടു ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കോഫി അന്നാന്‍ മ്യാന്‍മറില്‍ എത്തിയിരിക്കുന്നത്.
തീവ്രവാദികളെ പിടിക്കാനെന്ന പേരിലാണ് റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍ മ്യാന്‍മര്‍ സേന നരനായാട്ടു നടത്തിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയായി. നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം വെടിവച്ച് കൊന്നൊടുക്കുന്നു. രക്ഷ നേടി ബംഗ്ലാദേശില്‍ അഭയം പ്രാപിക്കാന്‍ ചെല്ലുന്നവരെ ബംഗ്ലാദേശ് ആട്ടിപ്പായിക്കുന്നു. കടലിനും ചെകുത്താനും ഇടയില്‍ പ്പെട്ട അവസ്ഥയിലാണിപ്പോള്‍ ഈ ജനവിഭാഗം. ഭക്ഷണവും വെള്ളവും കിട്ടാതെ കൊടും തണുപ്പില്‍ നരകിക്കുകയാണ് ബംഗ്ലാദേശ് അതിര്‍ത്തിയില്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ ഒക്ടോബറിലുണ്ടായ അക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദികള്‍ റോഹിംഗ്യന്‍ മുസ്‌ലിംകളാണെന്ന് ആരോപിച്ചുകൊണ്ടാണ് അവര്‍ക്കെതിരേ വംശീയഹത്യ സൈന്യം ആരംഭിച്ചിരിക്കുന്നത്.
ഇന്നത്തെ മ്യാന്‍മറായ പഴയ ബര്‍മ്മയിലെ അര്‍ക്കാന്‍ മേഖലയില്‍ താമസിച്ചവരായിരുന്നു റോഹിംഗ്യന്‍ മുസ്‌ലിംകള്‍. ബ്രിട്ടീഷ് ഭരണകാലത്ത് ഈ മേഖലക്ക് സ്വയം ഭരണാവകാശം ഉണ്ടായിരുന്നു. 1948 ല്‍ സ്വാതന്ത്ര്യം ലഭിച്ച ബര്‍മ്മ അര്‍ക്കാന്‍ മേഖലക്ക് സ്വയം ഭരണാവകാശം നല്‍കുമെന്ന വാഗ്ദാനം പാലിച്ചില്ല. ബംഗ്ലാദേശില്‍ ലയിക്കാനും സമ്മതിച്ചില്ല. അന്നു മുതല്‍ ആരംഭിക്കുന്നു ഈ ജനതയുടെ ദുരിത കാലം. പൗരാവകാശമില്ലാത്ത ഒരു വിഭാഗമായി ആര്‍ക്കും വേണ്ടാത്ത ഒരു ജനതയായി റോഹിംഗ്യന്‍ മുസ്‌ലിംകളെ പോലെ മറ്റൊരു വിഭാഗവും ലോകത്തില്ല. അഹിംസ സിദ്ധാന്തമായെടുക്കുകയും അതൊരു മതമായി പ്രചരിപ്പിക്കുകയും ചെയ്ത ബുദ്ധന്റെ അനുയായികള്‍ പോലും റോഹിംഗ്യന്‍ മുസ്‌ലിം കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കുന്നുവെന്നത് മറ്റൊരു വിരോധാഭാസം. സൈനിക ഭരണം അവസാനിപ്പിച്ച് ലോകം മുഴുവന്‍ ആദരിക്കുന്ന ഒരു സമാധാന ദൂതിക അധികാരത്തില്‍ വന്നിട്ടും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."