സൂക്ഷിക്കുക, മതില്‍ അപകടാവസ്ഥയിലാണ്
അപകടാവസ്ഥയിലായത് തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍
കാസര്‍കോട്: തളങ്കര ഗവണ്‍മെന്റ് മുസ്‌ലിം ഹൈസ്‌കൂളിന്റെ ചുറ്റുമതില്‍ അപകടാവസ്ഥയില്‍. യാത്രക്കാര്‍ക്കു ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന ഈ മതിലിനു സമീപത്തുള്ള റോഡിലൂടെ നിരവധി ആള്‍ക്കാരാണു ദിവസേന കടന്നു പോവുന്നത്. ദീനാര്‍ നഗറില്‍ നിന്നു മാലിക് ദീനാര്‍ പള്ളിയിലേക്കടക്കം പോകുന്ന റോഡിന്റെ അഭിമുഖമായാണു പതിറ്റാണ്ടുകള്‍ക്കു മുമ്പു പണിത മതിലുള്ളത്.
മതിലിന്റെ പല ഭാഗത്തും വിള്ളലുകള്‍ വീണിട്ടുണ്ട്. അതു കൂടാതെ സമീപത്തുള്ള മരത്തിന്റെ വേരുകള്‍ തള്ളി മതിലിന്റെ ഒരു ഭാഗം മുന്‍പോട്ടു ചാഞ്ഞിരിക്കുകയാണ്.
പ്രസിദ്ധമായ മാലിക്ദിനാര്‍ വലിയ ജുമുഅത്ത് പള്ളി, മാലിക്ദീനാര്‍ യതീംഖാന, ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, മാലിക്ദീനാര്‍ ഇസ്‌ലാമിക് അക്കാദമി തുടങ്ങിയവയിലേക്കും തളങ്കര പടിഞ്ഞാറിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്ന റോഡരികിലാണു മതിലുള്ളത്. മുസ്‌ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ മത്സരങ്ങള്‍ നടക്കുമ്പോള്‍ കളി കാണാനായി നിരവധി പേര്‍ ഈ മതിലില്‍ കയറി ഇരിക്കാറുണ്ട്. വലിയൊരു ദുരന്തമൊഴിവാക്കാന്‍ മതില്‍ തകര്‍ന്നു വീഴുന്നതിനു മുമ്പു തന്നെ പുതുക്കിപ്പണിയണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഈ ആവശ്യമുന്നയിച്ചു മുസ്‌ലിം ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘടനയും മറ്റു സന്നദ്ധ സംഘടനകളും അധികാരികളെ കണ്ടു വിവരം ധരിപ്പിച്ചു. തകര്‍ച്ചാ ഭീഷണി നേരിടുന്ന മതില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വിവിധ മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് ഉപകരിക്കുന്ന തരത്തില്‍ ഗാലറി മാതൃകയില്‍ പുതുക്കിപ്പണിയണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."