ലഹരി വിമുക്ത പ്രവര്‍ത്തനം പ്രാദേശികതലത്തില്‍ ഊര്‍ജിതമാക്കണം: മന്ത്രി ഇ ചന്ദ്രശേഖരന്‍
കാസര്‍കോട്: വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടു മദ്യ മയക്കുമരുന്നു മാഫിയകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ പ്രാദേശികതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംസ്ഥാനതല ലഹരി വര്‍ജനമിഷന്‍ വിമുക്തിയുടെ ജില്ലാതല എക്‌സിക്യുട്ടിവ് കമ്മിറ്റി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കളുടെ വില്‍പന കര്‍ശനമായി തടയാന്‍ പൊലിസിന്റെയും എക്‌സൈസിന്റെയും നിരീക്ഷണം ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. എന്‍.സി.സി, എന്‍.എസ്.എസ്, സ്‌കൗട്ട്, സ്റ്റുഡന്റ് പൊലിസ്, ലഹരി വിരുദ്ധ ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍ ലഹരി വിമുക്തമാക്കണം.
മയക്കുമരുന്നു വില്‍പനയെക്കുറിച്ചു പരാതിപ്പെടാന്‍ പൊതുജനങ്ങള്‍ മടിച്ചുനില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. വിദ്യാലയപരിസരങ്ങളില്‍ രാത്രികാലങ്ങളില്‍ മയക്കുമരുന്നു മാഫിയകളുടെ അഴിഞ്ഞാട്ടം തടയണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ബസ് സ്റ്റാന്‍ഡു പരിസരങ്ങളില്‍ മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനം നിരീക്ഷണവിധേയമാക്കണം.
ഈ മാസം 20 നകം തദ്ദേശസ്വയംഭരണതല യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാനും വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികതലത്തില്‍ വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ശാന്തമ്മ ഫിലിപ്പ്, ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, കെ അംബുജാക്ഷന്‍, എന്‍.എസ് സുരേഷ്, മാത്യു കുര്യന്‍, ഡിവൈ.എസ്.പി പി തമ്പാന്‍, എന്‍.ജി രഘുനാഥന്‍ നായര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."