വിമിത്തിന്റെ കാമറക്കണ്ണുകള്‍ ചലിക്കുന്നു; തളരാത്ത മനോവീര്യത്തോടെ
കോഴിക്കോട്: ഓരോ ദിവസവും അതിരാവിലെ പത്രമെടുത്താല്‍ വിമിത്തിന്റെ കണ്ണുകളുടക്കി നില്‍ക്കുക വാഹനാപകടത്തിന്റെ വാര്‍ത്തകളിലേക്കാണ്. ഓരോ വാര്‍ത്തയും വിമിത്തിനെ തെല്ലൊന്ന് നൊമ്പരപ്പെടുത്തും. പിന്നെ ആശ്വാസത്തോടെ വിമിത്ത് ദൈവത്തിന് നന്ദി പറയും, 'തന്റെ ജീവന്‍ തിരിച്ചുതന്ന കനിവോര്‍ത്ത്.
അപ്പോഴെല്ലാം വലതുകാല്‍മുട്ടിന് താഴത്തെ ശൂന്യതയെ ഇല്ലാതാക്കിയ തന്റെ സ്വപ്നങ്ങള്‍ കൊഴിയാതെ യാഥാര്‍ഥ്യമാക്കാന്‍ നിഴല്‍ പോലെ കൂടെനില്‍ക്കുന്ന കൃത്രിമകാല്‍ നോക്കി അദ്ദേഹം പുഞ്ചിരിക്കും. അതിന് തെളിവായി അദ്ദേഹം പരിമിതികള്‍ മറന്ന് പകര്‍ത്തിയ ഫോട്ടോകള്‍ പത്രത്താളുകളില്‍ തെളിയും. ഓരോ ചിത്രങ്ങള്‍ക്കുമടിയില്‍ 'വിമിത്ത് ഷാല്‍' എന്ന പേര് തളരാത്ത മനോവീര്യത്തിന്റെ അടയാളമായുണ്ടെന്നതും ആ ചെറുപ്പക്കാരന്റെ മുന്നോട്ടുള്ള ഗമനത്തിന് ചവിട്ടുപടിയാകും. ആ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ദിവസവും തന്റെ മുച്ചക്രവണ്ടിയില്‍ നഗരത്തിലെ മുക്കിലും മൂലയിലും വിമിത്തെത്തും. നഗരത്തിലെ നല്ലതിനേയും ചീത്തയേയുമെല്ലാം തന്റെ കാമറയിലൊപ്പിയെടുത്ത് മടങ്ങും. കണ്ണില്‍ കാണാതെ പോയതെന്തെങ്കിലുമുണ്ടെങ്കില്‍ അതുകൂടി സഹപ്രവര്‍ത്തകരെ വിളിച്ച് നാളെ പത്രത്താളുകളിലുണ്ടാകുമെന്നുറപ്പുവരുത്തി ആ ഫോട്ടോഗ്രാഫര്‍ വീട്ടിലേക്ക് മടങ്ങും. സ്‌നേഹവിരുന്നൊരുക്കി വീട്ടില്‍ കാത്തിരിക്കുന്ന അച്ഛന്‍ വിജയനും, അമ്മ ചിന്താമണിക്കും, ഭാര്യ സൗമ്യയ്ക്കും ആറു മാസം പ്രായമുള്ള മകള്‍ കൃഷ്ണക്കുമരികിലേക്ക്.
ഇടയ്‌ക്കൊക്കെ വിമിത്ത് ഇപ്പോഴും ആ ദിവസങ്ങളെക്കുറിച്ചോര്‍ക്കും. മരണത്തോടു മല്ലിട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ ദിനങ്ങളുടെ ഓര്‍മ ആദ്യം വിമിത്തിനെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമിത്തിന് നഷ്ടബോധം തോന്നാറില്ല. തന്നെ പോരാടാന്‍ പഠിപ്പിച്ചത് ആ സംഭവമാണെന്ന് പറഞ്ഞ് വിമിത്ത് വീണ്ടും പുഞ്ചിരിക്കും. 2011 ജൂലൈ 23നാണ് കാമറയുമായി പറന്നുനടന്ന് ചുറ്റിലുള്ളതെല്ലാം ഒപ്പിയെടുത്തിരുന്ന 29കാരന്‍ വിമിത്തിന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ വിധി കരിനിഴല്‍ വീഴ്ത്തിയത്. മെട്രോ വാര്‍ത്തയുടെ മലപ്പുറം ബ്യൂറോയിലെ ഫോട്ടോഗ്രാഫറാണ് അന്ന് അദ്ദേഹം.
ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ എതിരേ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. വിമിത്തിന്റെ കാലിലൂടെ ഓട്ടോയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. സുഹൃത്ത് പ്രജീഷ് വിമിത്തിനെയുമെടുത്ത് തൊട്ടടുത്ത മലപ്പുറം സഹകരണ ആശുപത്രിയിലേക്കോടി. തടിച്ചു തൂങ്ങിയ കാല്‍ കണ്ട ആശുപത്രി അധികൃതര്‍ പെരിന്തല്‍മണ്ണയിലെ മൗലാനാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. അവിടെയെത്തിയപ്പോള്‍ വാസ്‌കുലാര്‍ സര്‍ജറി മാത്രമാണ് പോംവഴിയെന്നും കോഴിക്കോട്ടെ മിംസ് ആശുപത്രിയിലേക്ക് പോകാനും നിര്‍ദേശം. അപ്പോഴെല്ലാം വിമിത്ത് അബോധാവസ്ഥയിലായിരുന്നു.
മിംസിലും വാസ്‌കുലാര്‍ സര്‍ജന്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ പുലര്‍ച്ചയോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി. രാവിലെ ആറോടെ സര്‍ജറി തുടങ്ങി. എങ്കിലും ഭാഗ്യം വിമിത്തിനെ തുണച്ചില്ല. വീണ്ടും മിംസിലേക്ക്. ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്കുള്ള ഓട്ടത്തിനൊടുവില്‍ വിമിത്തിന് തന്റെ വലതു കാല്‍ നഷ്ടമായി. ഒന്‍പതു മാസത്തെ വിശ്രമജീവിതത്തിനു ശേഷം വിമിത്ത് പുതിയൊരാളായി മടങ്ങിയെത്തി. അപ്പോഴേക്കും പഴയതിനേക്കാളും ഊഷ്മളമായി ചിരിക്കാനും വിധിയെ പഴിക്കാതെ ജീവിക്കാനും വിമിത്ത് പഠിച്ചിരുന്നു. പിന്നീട് വിമിത്തിന് കൂട്ടായി ഒരു കൃത്രിമകാലെത്തി. പിന്നെ മനസിനു താങ്ങാകാന്‍ സുഹൃത്ത് സൗമ്യയും ജീവിതത്തിലേക്ക് കടന്നുവന്നു. ജോലി ചെയ്ത സ്ഥാപനവും കൂടെ നിന്നതോടെ സ്വപ്നങ്ങള്‍ പിന്നെയും വിമിത്തിനെ വട്ടമിട്ടു പറന്നു. അവയോരോന്നായി വിമിത്ത് കൈയെത്തിപ്പിടിച്ചു.
ഇപ്പോള്‍ പൂര്‍ണ സന്തോഷവാനായി വിധിയെ തോല്‍പ്പിച്ച് വിമിത്ത് ജീവിക്കുന്നു. മികച്ച ഫോട്ടോഗ്രാഫറായി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."