എ.ടി.എം പരിസരത്തെ പരിശോധന ബഹുജോര്‍
കോഴിക്കോട്: എ.ടി.എം കൗണ്ടറുകള്‍ക്കു സമീപത്തെ വാഹനപരിശോധന കൊണ്ടു പൊലിസിനു രണ്ടു കാര്യം സാധിക്കാനുണ്ട്. ആവശ്യത്തിനു പെറ്റികേസും കിട്ടും, പിന്നാലെ 'ചില്ലറയും' തടയും.
ഇതോടെ അര്‍ധരാത്രിയിലും പൊലിസ് ഇത്തരം പരിശോധനകള്‍ പതിവാക്കിയിരിക്കുകയാണ്. പുഷ്പ ജങ്ഷനിലെ എ.ടി.എം കൗണ്ടറുകളിലേക്കു പണം എടുക്കാന്‍ എത്തുന്നവരെയാണ് ട്രാഫിക് പൊലിസിന്റെ നൈറ്റ് പട്രോളിങ് സംഘം കാത്തിരുന്നു പണം പിണുങ്ങുന്നത്.
വണ്‍വേ തുടങ്ങി പത്തു മീറ്റര്‍ അകലെയാണ് രണ്ടു എ.ടി.എമ്മുകളുള്ളത്. ഫ്രാന്‍സിസ് റോഡ്, കല്ലായി, മാങ്കാവ് എന്നിവിടങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ക്കു പുഷ്പ ജങ്ഷനില്‍ നിന്നും വെറും 10 മീറ്റര്‍ അകലെയുള്ള ഈ എ.ടി.എമ്മുകളിലെത്തണമെങ്കില്‍ വണ്‍വേ നിയമം പാലിച്ചാല്‍, പി.വി.എസ് റോഡ് വഴി റെയില്‍വേ സ്റ്റേഷനിലെത്തി ലിങ്ക് റോഡ് വഴി വന്നു വീണ്ടും കല്ലായി റോഡില്‍ നിന്നു പുഷ്പ ജങ്ഷനു സമീപത്തെത്തണം.
വണ്‍വേ നിയമം പാലിച്ചാല്‍ 10 മീറ്റര്‍ ഓടേണ്ടതിനു പകരം മൂന്നു കിലോമീറ്ററിനടുത്ത് ഓടണം. എങ്ങനെയെങ്കിലും പണം കിട്ടുമോയെന്നറിയാനുള്ള അര്‍ധരാത്രിയിലുള്ള പരക്കം പാച്ചിലിനിടയില്‍ വണ്‍വേ തെറ്റിച്ച് എ.ടി.എമ്മിലേക്കു കയറുമ്പോഴാണ് പൊലിസ് പിടികൂടുന്നത്. 1500 രൂപ വരെയാണ് പിഴ പറയുന്നത്. കോടതിയില്‍ അടയ്ക്കാമെന്നു പറഞ്ഞാല്‍ പിഴ 400ല്‍ ഒതുക്കും. പക്ഷെ, ചില്ലറ വേണം. ഇങ്ങനെ അഞ്ചു പെറ്റി കേസു കിട്ടിയാല്‍ ഏമാന്‍മാരുടെ കൈയിലുള്ള 2000 മാറിക്കിട്ടുമെന്നാണ് സംസാരം.
എ.ടി.എമ്മില്‍ നിന്നു പണം കിട്ടുകയുമില്ല, കൈയിലുള്ള പണം പോകുമെന്ന അവസ്ഥയിലാണ് ഇവിടെ പണമെടുക്കാനെത്തുന്ന പലര്‍ക്കും. രാത്രി 12നു ശേഷം എ.ടി.എമ്മിലേക്ക് എത്തുന്നവരെയെങ്കിലും ഇങ്ങനെ വാഹനപരിശോധനയുടെ പേരില്‍ കൈയിലുള്ള പണം വാങ്ങിയെടുത്ത് പീഡിപ്പിക്കരുതെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."