മുസ്‌ലിംലീഗ് നേതാവിന്റെ സി.പി.എം ബാന്ധവം: അണികളില്‍ അമര്‍ഷം
പേരാമ്പ്ര: മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റും മണ്ഡലം യു.ഡി.എഫ് ചെയര്‍മാനുമായ എസ്.പി കുഞ്ഞമ്മദിന്റെ സി.പി.എം ബാന്ധവത്തിനെതിരേ യു.ഡി.എഫ് അണികളില്‍ പ്രതിഷേധം ശക്തമായി. ഇതിനിടെ എസ്.പി കുഞ്ഞമ്മദിനെതിരേ അച്ചടക്ക നടപടിയെടുക്കാന്‍ സംസ്ഥാന, ജില്ലാ നേതൃത്വത്തോട് ശുപാര്‍ശ ചെയ്യാന്‍ നിയോജക മണ്ഡലം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇദ്ദേഹത്തെ നീക്കി പുതിയ മണ്ഡലം ചെയര്‍മാനായി നിയോജകമണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എസ്.കെ അസൈനാറെ നിയമിക്കണമെന്നും മണ്ഡലം ലീഗ് നേതൃയോഗം യു.ഡി.എഫ് ജില്ലാ നേതൃത്വത്തോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ചേര്‍ന്ന മണ്ഡലം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞമ്മദിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ആഴ്ച ചങ്ങരോത്ത് പഞ്ചായത്തിലെ പാലേരിയില്‍ സി.പി.എം സംഘടിപ്പിച്ച രാപ്പകല്‍ സമരത്തില്‍ പങ്കെടുത്ത് സംസാരിച്ച കുഞ്ഞമ്മദിന്റെ നടപടിയാണ് വിവാദമായത്. നിരന്തരമായി സി.പി.എമ്മുമായി ബാന്ധവം പുലര്‍ത്തുന്ന ഇയാള്‍ക്കെതിരേ നേരത്തെ തന്നെ അണികളില്‍ അമര്‍ഷം ശക്തമാണ്. രാപ്പകല്‍ സമരത്തിലെ പ്രസംഗത്തോടെ ഇത് ശക്തമായി.
ചങ്ങരോത്ത് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഭവത്തില്‍ അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെ മുസ്‌ലിംലീഗ് അണികള്‍ വിഷയം ഏറ്റെടുത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ചേര്‍ന്ന പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് യോഗവും കുഞ്ഞമ്മദിനെതിരേ ആഞ്ഞടിച്ചു. യു.ഡി.എഫ് പരിപാടികളില്‍ നിന്ന് ഇദ്ദേഹത്തെ മാറ്റിനിര്‍ത്തുമെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തുടര്‍ന്നാണ് ലീഗ് നേതൃത്വം അടിയന്തര പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ത്ത് പ്രശ്‌നം ചര്‍ച്ച ചെയ്തത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് പേരാമ്പ്ര മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ എസ്.പി കുഞ്ഞമ്മദ് ശ്രമിച്ചെന്ന് ആരോപണം ശക്തമായിരുന്നു. യു.ഡി.എഫിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയില്‍ നിന്നും പണംപറ്റി എതിരാളിക്കുവേണ്ടി പ്രവര്‍ത്തിച്ചെന്നുമായിരുന്നു ആരോപണം. ഇതുശരിവയ്ക്കുന്ന തെളിവുകളും പ്രവര്‍ത്തകര്‍ ഹാജരാക്കി. എന്നാല്‍ അണികളുടെ വികാരം കണക്കെലുക്കാന്‍ ജില്ലാ ലീഗ് നേതൃത്വം തയാറായിരുന്നില്ല. ഇതോടെ കുഞ്ഞമ്മദിനെ അണികള്‍ തെരുവില്‍ നേരിടുന്നതിലേക്ക് കാര്യങ്ങളെത്തി. പേരാമ്പ്ര ടൗണില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൈയേറ്റത്തിന് ശ്രമിച്ചതോടെ പ്രശ്‌നം വഷളായി.
ഇതിനിടെ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഒഴിയാന്‍ എസ്.പി കുഞ്ഞമ്മദ് താല്‍പര്യം പ്രകടിപ്പിച്ചെങ്കിലും ഇതിന് നേതൃത്വം പച്ചക്കൊടി കാട്ടിയിരുന്നില്ല. എന്നാല്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. എസ്.പി കുഞ്ഞമ്മദിനെതിരെ നിരവധി ആരോപണങ്ങളാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീ ഗവേണിങ് ബോഡി അംഗമായിരുന്ന അദ്ദേഹം ഇത്തവണയും ആ സ്ഥാനത്തിനായി ശ്രമിക്കുകയാണെന്നും ഇതിന്റെ ഭാഗമായാണ് സി.പി.എമ്മിനെ തൃപ്തിപ്പെടുത്തുന്നതെന്നും ലീഗണികള്‍ ചൂണ്ടിക്കാട്ടുന്നു.
സി.പി.എം നിയന്ത്രണത്തിലുള്ള സുഭിക്ഷ പദ്ധതിയിലെ അഴിമതിക്കെതിരേ യൂത്ത് ലീഗ് സമരം പ്രഖ്യാപിച്ചപ്പോള്‍ ഇദ്ദേഹം ഇടപെട്ട് തടഞ്ഞതായും ആക്ഷേപമുണ്ട്. പേരാമ്പ്ര മണ്ഡലത്തിലെ തലമുതിര്‍ന്ന നേതാവായിരുന്ന കോത്തമ്പ്ര കുഞ്ഞമ്മദ് ഹാജിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായും നേരത്തെ ആരോപണമുണ്ടായിരുന്നു. ചക്കിട്ടപാറ പഞ്ചായത്തിലെ ഇരുമ്പയിര് ഖനന വിഷയത്തില്‍ സി.പി.എമ്മിനെ സഹായിക്കുന്ന നിലപാടായിരുന്നു എസ്.പി കുഞ്ഞമ്മദിന്റേത്. വ്യാഴാഴ്ച ചേര്‍ന്ന മണ്ഡലം പ്രവര്‍ത്തക സമിതി യോഗം ഒറ്റക്കെട്ടായാണ് എസ്.പിക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. സി.പി.എമ്മുമായി ചേര്‍ന്ന് കുഞ്ഞമ്മദ് ലീഗിനെയും യു.ഡി.എഫിനെയും ഒറ്റുകൊടുക്കുകയാണെന്ന് വിമര്‍ശനമുണ്ടായി. ലീഗ് പ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന പ്രവണത ആവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ പറഞ്ഞു. മുന്‍കാലത്ത് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കൂടെനിന്ന ലീഗ് നേതൃത്വത്തിലെ പലരും ഇപ്പോള്‍ എസ്.പിയെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. രാപ്പകല്‍ സമരത്തില്‍ പങ്കെടുത്തത് കടുത്ത തെറ്റായിപ്പോയെന്നാണ് ഇവര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടത്. പ്രസിഡന്റ് എ.വി അബ്ദുല്ലയുടെ അസാന്നിധ്യത്തില്‍ വൈസ് പ്രസിഡന്റ് പി.കെ മൊയ്തീന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് എസ്.പി കുഞ്ഞമ്മദിനെതിരേ നടപടിക്കു ശുപാര്‍ശ ചെയ്തത്. ജനറല്‍ സെക്രട്ടറി എസ്.കെ അസൈനാര്‍, ട്രഷറര്‍ ആവള ഹമീദ്, കുരിക്കള്‍കണ്ടി കുഞ്ഞബ്ദുല്ല ഹാജി, അസീസ് ഫൈസി കടിയങ്ങാട്, എം.കെ.സി കുട്ട്യാലി, ടി.കെ ഇബ്രാഹിം ചാലിക്കര, കുഞ്ഞമ്മദ് പേരാമ്പ്ര, വി.കെ കോയക്കുട്ടി, ഒ മമ്മു, പി.കെ.എ ലത്തീഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."