താലൂക്ക് ലാന്റ് ബോര്‍ഡ് ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ നീക്കം
മാനന്തവാടി: സബ് കലക്ടര്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചു വരുന്ന വൈത്തിരി താലൂക്ക് ലാന്റ്‌ബോര്‍ഡ് ഓഫിസ് കല്‍പ്പറ്റയിലേക്ക് മാറ്റാന്‍ നീക്കം. ഇതിന് പിന്നില്‍ നിലവില്‍ പരിഗണനിയിലുള്ള കേസുകള്‍ അട്ടിമറിക്കാനുള്ള വന്‍കിട തോട്ടമുടമകളുടെ ശ്രമമാണെന്ന് ആരോപണം ഉയരുന്നു. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കീഴിലേക്ക് മാറ്റാനുള്ള ഓര്‍ഡര്‍ ലാന്റ് റവന്യൂ കമ്മിഷണറുടെ ഓഫിസില്‍ തയാറായതായാണ് ലഭിക്കുന്ന സൂചന. വന്‍കിട തോട്ടമുടമകള്‍ കെ.എല്‍.യു ആക്ട് ലംഘിച്ച് തരംമാറ്റിയ ഭൂമികള്‍ സര്‍ക്കാരിലേക്ക് പിടിച്ചെടുക്കാന്‍ സബ് കലക്ടര്‍ ചെയര്‍മാനായ ലാന്റ് ബോര്‍ഡ് അടുത്തിടെ ഉത്തരവിട്ടിരുന്നു. കൂടാതെ ഏതാനും വന്‍കിടക്കാരുടെ കേസുകള്‍ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് ഭരണമാറ്റം മറയാക്കി തങ്ങളുടെ ഇഷ്ടക്കാരുടെ കൈകകളില്‍ കേസുകള്‍ എത്തിക്കാന്‍ വന്‍കിട തോട്ടമുടമകള്‍ നീക്കമാരംഭിച്ചത്.
വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് സബ് കലക്ടറുടെ കീഴിലേക്ക് മാറ്റിയത്. അതു വരെ നാല് കേസുകള്‍ മാത്രമാണ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ വൈത്തിരി ലാന്റ് ബോര്‍ഡിന് കീഴില്‍ 136 കേസുകള്‍ പരിഗണനയിലുണ്ട്. ഇതില്‍ 90 കേസുകളിലും വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. 125 കേസുകള്‍ ഉള്ള മാനന്തവാടിയില്‍ 113 കേസുകളില്‍ വിചാരണ നടന്ന് കൊണ്ടിരിക്കുക്കയാണ്. 13 ജീവനക്കാരാണ് വേണ്ടത്. സബ് കലക്ടറുടെ കീഴില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അതേസമയം കലക്ടറേറ്റിലെ എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലാന്റ് ബോര്‍ഡില്‍ 13 സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ശബളത്തിനായി 3475 നമ്പറിലുള്ള ഹെഡ് ഓഫ് അക്കൗണ്ടും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ആകെയുള്ള കേസുകളാകട്ടെ നാലെണ്ണം മാത്രമാണ്.
വൈത്തിരി താലൂക്ക് ലാന്റ് ബോര്‍ഡ് മാറ്റുന്നതിന് പിന്നാലെ മാനന്തവാടി താലൂക്ക് ലാന്റ് ബോര്‍ഡിനെ കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന നികുതി സംബന്ധിച്ചുള്ള പരാതികള്‍ പരിഗണിക്കുന്ന ഡെപ്യൂട്ടി കലക്ടറുടെ കീഴിലേക്ക് മാറ്റാനുള്ള നീക്കവും സജീവമായിട്ടുണ്ട്.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും നിയമലംഘനം നടത്തുന്ന ഭൂമികള്‍ സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുകയും ചെയ്യുന്ന ഓഫിസുകള്‍ ഇല്ലാതാക്കുന്നത് അവയുടെ ഉദ്ദേശശുദ്ധി തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലേക്കാണ് മാറുക. എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന ആവശ്യം ഇതോടകം ഉയര്‍ന്ന് കഴിഞ്ഞിട്ടുണ്ട്.
ജില്ലാതലത്തില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസുകള്‍ ഓരോന്നായി പറിച്ചുനടാന്‍ നീക്കം നടത്തുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥ ലോബികളാണ് ഈ നീക്കത്തിന് പിന്നില്ലെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."