സൈന്യത്തെ നവീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ അവഗണിക്കുന്നു
ന്യൂഡല്‍ഹി: ജമ്മുകശ്മിരില്‍ സൈന്യത്തെ നവീകരിക്കാനും പ്രതിരോധ രംഗത്ത് കൂടുതല്‍ നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി പ്രതിരോധ മന്ത്രാലയം തയാറാക്കിയ 1,000 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചില്ല. തന്ത്രപ്രധാന സംസ്ഥാനം എന്ന് പരിഗണിച്ചാണ് കശ്മിരില്‍ പ്രതിരോധം ശക്തിപ്പെടുത്താന്‍ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചിരുന്നത്. പത്താന്‍കോട്ട് സൈനിക താവളത്തിനുനേരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ തടയുന്നതിനായി സൈന്യത്തെ നവീകരിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തിന്റെ സുരക്ഷക്കായി ഹൈടെക് ഉപകരണങ്ങള്‍ ഏര്‍പ്പെടുത്താനും ഇതിനായി പ്രാരംഭ നടപടിയെന്ന നിലയില്‍ മൂന്നു മാസത്തേക്ക് 400 കോടിയുടെ നവീകരണം ഏര്‍പ്പെടുത്താനും തുടര്‍ന്നുള്ള മാസങ്ങളില്‍ 600 കോടി രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനുമാണ് പ്രതിരോധ മന്ത്രാലയം പദ്ധതി തയാറാക്കിയിരുന്നത്. തുടര്‍ച്ചയായുള്ള ഭീകരാക്രമണങ്ങള്‍ നേരിടാന്‍ ഉതകുന്ന വിധത്തിലുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം ഉറി സൈനിക താവളത്തിനു നേരെയുണ്ടായ ആക്രമണത്തിലും നിരവധി സൈനികരാണ് വീരമൃത്യു വരിച്ചത്. കഴിഞ്ഞ ദിവസം നഗ്രോത സൈനിക താവളത്തിനു നേരെ നടന്ന ആക്രമണത്തില്‍ ഏഴ് സൈനികരാണ് മരിച്ചത്.
ഭീകരര്‍ അതിര്‍ത്തി കടന്നെത്തുന്നത് നിരീക്ഷിക്കുന്നതിനായി സ്മാര്‍ട്ട് ഫെന്‍സിങ് സിസ്റ്റം, അണ്ടര്‍ ഗ്രൗണ്ട് സെന്‍സറുകള്‍, പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങിയ ആധുനിക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താനായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. ആറ് മാസം മുമ്പ് ഒരു റിട്ട. സൈനിക ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്.
കശ്മിരില്‍ ഏറ്റുമുട്ടലില്‍ ഭീകരനെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മുകശ്മിരിലെ അനന്ത്‌നാഗ് ജില്ലയില്‍ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായി പൊലിസ് അറിയിച്ചു. സജാദ് മാലിക് എന്ന ബിറ്റ മാലികിനെയാണ് കൊലപ്പെടുത്തിയതെന്ന് പൊലിസ് വ്യക്തമാക്കി. പൊലിസ് പട്രോളിങ്ങിനിടയില്‍ വെടിയുതിര്‍ത്ത ഇയാളെ ശക്തമായി നേരിട്ടതോടെ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതായി പൊലിസ് പറഞ്ഞു.
അനന്ത്‌നാഗ് ജില്ലയിലെ ചെറികാരി ഗ്രാമത്തില്‍ വച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പിന്നീട് സുരക്ഷാ സൈനിക വക്താവും വെളിപ്പെടുത്തി. കൊല്ലപ്പെട്ട ഭീകരനെതിരേ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അതേസമയം ഭീകരനെന്ന് ചൂണ്ടിക്കാട്ടി സജാദ് മാലിക്കിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ജമ്മു കശ്മിര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ജി.എ ഗിര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."