ജനസംഖ്യ അധികമായതിനാല്‍ ബാങ്കിലും എ.ടി.എമ്മിലും ക്യൂ നീളും: ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: നോട്ടുനിരോധനം വന്നതോടെ രാജ്യത്തെ ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുമ്പില്‍ രൂപപ്പെടുന്ന നീണ്ട നിരയ്ക്ക് കേന്ദ്ര ധനകാര്യമന്ത്രിയുടെ പുതിയ വ്യാഖ്യാനം. ജനസംഖ്യ അധികമായതിനാല്‍ ബാങ്കിനും എ.ടി.എമ്മിനും മുന്നിലുള്ള ക്യൂവിന്റെ നീളവും കൂടുമെന്നാണ് ജെയ്റ്റ്‌ലി ഇന്നലെ പ്രഖ്യാപിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റിലാണ് ജയ്റ്റ്‌ലിയുടെ ഈ പുതിയ കണ്ടെത്തല്‍.
സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെ ജനങ്ങള്‍ സ്വാഗതം ചെയ്യുകയാണെന്നും ഇതിന്റെ പേരില്‍ സമൂഹത്തില്‍ ഒരുതരത്തിലുള്ള അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ധനകാര്യമന്ത്രി പറഞ്ഞു.
രാജ്യത്തെ ഡിജിറ്റല്‍ കറന്‍സിയിലേക്ക് നയിക്കേണ്ടതുണ്ട്. അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ബിസിനസിന്റേയും വ്യാപാരത്തിന്റേയും വ്യാപ്തി ഭാവിയില്‍ വര്‍ധിക്കും. ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറുമ്പോള്‍ പേപ്പര്‍ കറന്‍സി ചുരുങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡുകളിലൂടേയും ഇ വാലറ്റുകളിലുടേയും പണവിനിമയം സജീവമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പിന്‍വലിച്ച 500, 1000 രൂപയുടെ മൂല്യം പുനഃസ്ഥാപിച്ചു കഴിഞ്ഞാല്‍ ഇന്ത്യക്കാരുടെ ജീവിതരീതിയിലും രാജ്യത്തെ ബിസിനസ് ലോകത്തും വലിയതോതിലുള്ള മാറ്റമുണ്ടാകും. പുതിയ പരിഷ്‌കാരങ്ങളെയെല്ലാം തുടര്‍ച്ചയായി എതിര്‍ക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും രാജ്യത്തിനകത്തും പുറത്തുമുള്ള നിക്ഷേപകര്‍ പിന്‍മാറുമെന്നും മന്ത്രി പറഞ്ഞു. ചരക്കുസേവന നികുതി ബില്ലിന് നല്‍കിയ പിന്തുണ പിന്‍വലിക്കുമെന്ന തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഭീഷണിയോടുള്ള പ്രതികരണമായാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
സമ്പദ് വ്യവസ്ഥയുടെ ഡിജിറ്റല്‍വത്കരണം ആര്‍ക്കും തടയാനാവില്ല. മാറ്റത്തെ സ്വീകരിക്കന്‍ വിസമ്മതിക്കുന്ന വിഭാഗം എല്ലായ്‌പ്പോഴും ഉണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."