നോട്ട് നിരോധനം: എല്ലാ കേസുകളും അഞ്ചിലേക്ക് മാറ്റി
ന്യൂഡല്‍ഹി: ഉയര്‍ന്നമൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനത്തിലെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നതുള്‍പ്പെടെയുള്ള എല്ലാഹരജികളും തിങ്കളാഴ്ചത്തേക്കു മാറ്റി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത ആവശ്യങ്ങളുന്നയിച്ച് നിരവധി ഹരജികളാണ് കോടതിയുടെ മുമ്പാകെയുള്ളതെന്നും ഇവയെല്ലാം തരംതിരിച്ച ശേഷം തിങ്കളാഴ്ച പരിഗണിക്കാമെന്നും ചീഫ്ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ഇതുപ്രകാരം ഹരജിക്കാര്‍ക്കു വേണ്ടി ഹാജരാവുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലും കേന്ദ്രസര്‍ക്കാരിനു വേണ്ടി ഹാജരാവുന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗിയും ഹരജികള്‍ തരംതിരിക്കും. അതിനു ശേഷം ഇവ തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മുതല്‍ പരിഗണിക്കും.
നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള ഓരോ ദിവസവും കേരളം, കൊല്‍ക്കത്ത, ജയ്പൂര്‍, ബോംബെ തുടങ്ങിയ ഹൈക്കോടതികളിലായി നിരവധി കേസുകളാണ് ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇവയെല്ലാം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് അസാധ്യമാണ്.
അതിനാല്‍ ഇവ ഒന്നിച്ച് പരിഗണിച്ച് ഡല്‍ഹി ഹൈക്കോടതിയിലോ സുപ്രിംകോടതിയിലെ മറ്റൊരു ബെഞ്ചിനു മുമ്പാകെയോ മാറ്റണമെന്നും അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ടു.
ഇതേതുടര്‍ന്നാണ് ഹരജികള്‍ തരംതിരിക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടത്. നോട്ട് നിരോധന വിഷയത്തില്‍ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രയാസങ്ങള്‍ മാത്രമല്ല ആ തീരുമാനത്തിലെ ഭരണഘടനാ സാധുതകൂടി പരിശോധിക്കണമെന്ന് കപില്‍ സിബില്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളും തിങ്കളാഴ്ച പരിഗണിക്കും.
നോട്ട് നിരോധനത്തിലെ ഭരണഘടനാ സാധുത ചോദ്യംചെയ്യുന്ന ഹരജി, വിവിധ ഹൈക്കോടതികളിലുള്ള ഹരജികള്‍ സ്‌റ്റേചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം, റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്ത് കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകള്‍ നല്‍കിയ ഹരജി, 100 രൂപയ്ക്കു മുകളിലുള്ള എല്ലാ നോട്ടുകളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ നല്‍കിയ ഹരജി, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള ജില്ലാ സഹകരണബാങ്കുകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹരജി തുടങ്ങി 17 കേസുകളാണ് ഈ വിഷയത്തില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്.
പ്രതിഷേധം അവസാനിപ്പിച്ചു; ഇനി നിയമ നടപടിയെന്ന് മമത
കൊല്‍ക്കത്ത: പ.ബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിച്ച നടപടിക്കെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി സെക്രട്ടറിയേറ്റില്‍ നിന്ന് പുറത്തിറങ്ങാതെ നടത്തിയ പ്രതിഷേധം പിന്‍വലിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാറിന്റെ നടപടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് അവര്‍ വ്യക്തമാക്കി. ജനാധിപത്യത്തിന് കാവലിരിക്കുകയാണെന്നു പറഞ്ഞാണ് അവര്‍ വ്യാഴാഴ്ച രാത്രി സെക്രട്ടറിയേറ്റില്‍ തങ്ങിയത്. തുടര്‍ന്ന് ഇന്നലെയും പ്രതിഷേധം തുടര്‍ന്നെങ്കിലും രാത്രിയോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
അതേസമയം വിന്യസിച്ച സൈന്യത്തെ ഇന്നലെ അര്‍ധരാത്രിയില്‍ പിന്‍വലിച്ചതായി ഈസ്റ്റേണ്‍ കാമന്‍ഡന്റിന്റെ വിങ് കമാന്‍ഡര്‍ എസ്.എസ് ബിദ്രി അറിയിച്ചു. സര്‍ക്കാര്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ ഇനി തനിക്ക് മുന്നിലുള്ളത് നിയമ നടപടിയുമായി മുന്നോട്ടു നീങ്ങുകയെന്നതാണെന്ന് അവര്‍ അറിയിച്ചു. സൈന്യത്തെ ടോള്‍ പ്ലാസകളില്‍ പരിശോധനക്കായി നിയോഗിച്ചത് സാധാരണ നടപടിയാണെന്നും ഇക്കാര്യത്തില്‍ മമതയുടെ നീക്കം രാഷ്ട്രീയ നിരാശയുടെ ഫലമായുള്ളതാണെന്നും ഇന്നലെ പാര്‍ലമെന്റില്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."