50 വര്‍ഷം സഞ്ചാരം; മുഹമ്മദ് ഒടുവില്‍ ആകാശപ്പറവയിലെത്തി
കാളികാവ്: 50 വര്‍ഷത്തെ സഞ്ചാര ജീവിതം മതിയാക്കി മരണംതേടി നടന്ന വെള്ളാരംപാറ മുഹമ്മദിനെ ആകാശപ്പറവയിലാക്കി. 50 വര്‍ഷം രാജ്യത്തിന്റെ വിവിധ നാടുകളില്‍ അലഞ്ഞയാളാണ് ഇദ്ദേഹം.
കൈയിലുള്ള 90 രൂപയുമായി കടയിലെത്തി വിഷം ചോദിച്ച ഇദ്ദേഹത്തെ കടക്കാരന്‍ മടക്കിയയക്കുകയായിരുന്നു. അവശനിലയിലുള്ള 62 വയസായ ഇദ്ദേഹത്തെ പിന്നീട് കാളികാവിലെ മാധ്യമപ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് ആകാശപ്പറവയിലെത്തിച്ചത്.
തൃപ്പനച്ചി പൂച്ചേങ്ങലിലെ വീട്ടില്‍നിന്ന് 12ാം വയസില്‍ ഇറങ്ങിയതാണ് വെള്ളാരംപാറ മുഹമ്മദ്. മാതാവ് മരിച്ചതോടെ പിതാവ് രണ്ടാമതു വിവാഹം ചെയ്തു. രണ്ടാനുമ്മയുടെ ഉപദ്രവം കാരണമായിരുന്നത്രേ വീടുവിട്ടിറങ്ങിയത്. പിതാവും ഉപദ്രവിക്കുമായിരുന്നെന്നു മുഹമ്മദ് പറയുന്നു.
സഹികെട്ടു രണ്ടാനുമ്മയുടെ ദേഹത്ത് തിളപ്പിച്ച വെള്ളമൊഴിച്ച് വീട് വിട്ടിറങ്ങുകയായിരുന്നു. അരയ്ക്കു താഴെ നീരുകെട്ടി വേദനകൊണ്ടു പുളയുന്ന മുഹമ്മദിനെ കാളികാവിലെ മാധ്യമപ്രവര്‍ത്തകരായ ടി.പി കൃഷ്ണദേവ്, ശിഹാബുദ്ദീന്‍ കാളികാവ്, ശിഹാബുദ്ദീന്‍ ഫൈസി കല്ലാമൂല, ചുമട്ട് തൊഴിലാളി പി. അയ്യൂബ് എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലാക്കുകയായിരുന്നു.
തുടര്‍ന്നാണ് ആകാശപ്പറവയിലേക്ക് യാത്രയാക്കിയത്. കാളികാവ് ഹെന്നാ സില്‍ക് മാനേജര്‍ ഷബീര്‍ നല്‍കിയ പുത്തന്‍ വസ്ത്രങ്ങളണിഞ്ഞ് കാളികാവ് എസ്.ഐ കെ.പി സുരേഷ് ബാബുവിന്റെ കൈപിടിച്ച് മുഹമ്മദ് അഭയകേന്ദ്രത്തിലേക്ക് തിരിച്ചു.
കാളികാവ് അടയ്ക്കാകുണ്ട് ഹിമ ജനറല്‍ കണ്‍വീനര്‍ ഫരീദ് റഹ്മാനി, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ പി.യു മുഹമ്മദ് നജീബ്, ഡോക്ടര്‍ അബ്ദുല്‍ അസീസ്, ആശുപത്രിയിലെ രോഗികളടക്കമുള്ളവര്‍ എന്നിവര്‍ ഇദ്ദേഹത്തെ യാത്രയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."