ഹരിതകേരള മിഷന്‍ പദ്ധതി; ഓഫിസുകളും സ്ഥാപനങ്ങളും എട്ടിന് ശുചീകരിക്കും
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച 'ഹരിത കേരള' മിഷന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ചു ഡിസംബര്‍ എട്ടിന് ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ശുചീകരിക്കും. ജില്ലാ ഭരണകാര്യാലയമായ സിവില്‍ സ്റ്റേഷന്‍ മുതല്‍ സ്‌കൂളുകളും കോളജുകളുംവരെ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകണമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ഥിച്ചു.
ഡിസംബര്‍ എട്ടിനു സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ വീടുകളിലുള്ള ഇ-വേസ്റ്റുകള്‍ ശേഖരിച്ചു സ്ഥാപനങ്ങളില്‍ എത്തിക്കണം. ഓരോരുത്തര്‍ക്കും ആവശ്യമുള്ള ഉപകരണങ്ങള്‍ പരസ്പരം മാറ്റിയെടുക്കുന്നതിനായി ഈ ദിവസം സ്‌കൂളുകളിലും കോളജുകളിലും ഇ-വേസ്റ്റുകളുടെ താല്‍ക്കാലിക 'സ്വാപ് ഷോപ്പുകള്‍' തുറക്കണം. ഇ-മാലിന്യത്തിന്റെ അളവുകുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ബാക്കി വരുന്ന വേസ്റ്റുകള്‍ അന്നുതന്നെ പഞ്ചായത്തു വഴിയോ ആക്രിക്കടകള്‍ വഴിയോ റീസൈക്ലിങ് യൂനിറ്റുകളിലേക്കു കൈമാറുന്നതിനു നടപടി സ്വീകരിക്കണം. ഉച്ചയ്ക്കു രണ്ടിനു സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ ഹരിത കേരളം പ്രതിജ്ഞയയമെടുക്കും. പദ്ധതിയുമായി സഹകരിക്കാന്‍ ജില്ലയിലെ വിവിധ കോളജുകള്‍ സന്നദ്ധത അറിയിച്ചു.
സിവില്‍ സ്റ്റേഷനിലെ ജൈവ-അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് എല്ലാ ഓഫിസുകളിലും ജില്ലാ പഞ്ചായത്ത് സ്ഥാപിക്കുന്ന ബിന്നുകളുടെ ഉദ്ഘാടനവും ഡിസംബര്‍ എട്ടിനു നടക്കും. കുടുംബശ്രീ, അയല്‍ക്കൂട്ടം അംഗങ്ങളുടെ വീട്ടില്‍ സ്ഥാപിച്ചുവരുന്ന നാലര ലക്ഷം മഴക്കുഴികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും 1,100 ഏക്കറില്‍ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനവും നടക്കും. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തില്‍ ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, എ.ഡി.എം പി. സെയ്യദ് അലി, ജില്ലാ പ്ലാനിങ് ഓഫിസറുടെ ചുമതല വഹിക്കുന്ന എന്‍.കെ ശ്രീലത, ജില്ലാതല ഉദ്യോഗസ്ഥര്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."