ബാങ്കിലും എ.ടി.എമ്മിലും തിരക്കോട് തിരക്ക്
കോഴിക്കോട്: ശമ്പളം വിതരണം ചെയ്തു നാലാം ദിവസവും ബാങ്കിലും എ.ടി.എമ്മിന് മുന്നിലും തിരക്കോട് തിരക്കു തന്നെ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് ആളുകള്‍ പണമെടുക്കാന്‍ നെട്ടോട്ടമോടുന്നത്. അതിരാവിലെ മുതല്‍ ജനങ്ങള്‍ ബാങ്കുകളിലെത്തി വരിനില്‍ക്കുകയാണ്. ബാങ്ക് തുറക്കുന്ന സമയമാകുമ്പോഴേക്കും വരി റോഡിലെത്തിയിട്ടുണ്ടാകും. മണിക്കൂറുകളോളം വരിനിന്ന് കിട്ടുന്ന 2000കൊണ്ട് ഉപയോഗമില്ലാത്തതും ആളുകളെ വലയ്ക്കുന്നു. ഈ രണ്ടായിരത്തിന് ചില്ലറ ലഭിക്കണമെങ്കില്‍ പിന്നേയും ദിവസങ്ങള്‍ അലയേണ്ട സ്ഥിതിയാണെന്ന് മാനാഞ്ചിറ എസ്.ബി.ഐ ശാഖയ്ക്ക് മുന്നില്‍ വരിനില്‍ക്കുന്ന മുകുന്ദന്‍ സുപ്രഭാതത്തോടു പറഞ്ഞു.
ഇങ്ങനെ ക്യൂ നിന്ന് കിട്ടുന്ന പണം എങ്ങനെ ചിലവഴിക്കുമെന്നതാണ് ആളുകളുടെ ചോദ്യം. ആര്‍ക്കെങ്കിലും ചില്ലറ കിട്ടിയാലും പിന്നെ അതു കിട്ടാനുള്ള കഷ്ടപ്പാടോര്‍ത്ത് ആരും പണം ചിലവഴിക്കുന്നില്ല. അത്യാവശ്യകാര്യങ്ങള്‍ക്കു മാത്രമാണ് ആളുകള്‍ പണം ചിലവഴിക്കുന്നത്. പണമുള്ള എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ 24 മണിക്കൂറും ആളുകളാണ്. അര്‍ധരാത്രിയും പുലര്‍ച്ചെയുമെല്ലാം ആളുകള്‍ എ.ടി.എമ്മിലെത്തി പണമെടുത്ത് മടങ്ങുന്നുണ്ട്. രാത്രി ഡ്യൂട്ടിയുള്ള പൊലിസുകാരും പത്രപ്രവര്‍ത്തരുമെല്ലാമാണ് അര്‍ധരാത്രിയില്‍ എ.ടി.എം സേവനം കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്.
അതേസമയം 2000 രൂപയില്‍ താഴെയുള്ള തുകയാണ് അക്കൗണ്ടിലുള്ളതെങ്കില്‍ അതു പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നതും ആളുകളെ വലയ്ക്കുന്നു. എന്റെ അക്കൗണ്ടില്‍ 1600 രൂപയാണ് ബാക്കിയുള്ളത്. എന്നാല്‍ എ.ടി.എമ്മില്‍ നിന്ന് 2000 രൂപ മാത്രം ലഭിക്കുന്നതിനാല്‍ അതെടുക്കാന്‍ നിവൃത്തിയില്ല. ബാങ്കിലെത്തി പിന്‍വലിക്കാന്‍ നോക്കുമ്പോഴും ചില്ലറയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എനിക്ക് ഒരാഴ്ച കഴിയണമെങ്കില്‍ ആ പണം കിട്ടിയേ മതിയാകൂ. അതെടുക്കാന്‍ ഞാന്‍ ഇനി എന്തു ചെയ്യണം- കുറ്റ്യാടിക്കാരന്‍ അഷ്‌റഫ് ബാങ്കിന് മുന്നില്‍ നിന്നു ചോദിക്കുന്ന വാക്കുകളാണിത്. ഇത്തരത്തിലുള്ള പ്രതിസന്ധികളിലും ജനം അലയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."