ഇരുചക്രവാഹനങ്ങള്‍ കത്തിച്ച കേസിലെ പ്രതികള്‍ പിടിയില്‍
കോഴിക്കോട്: വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ മുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്രവാഹനങ്ങള്‍ മോഷണശ്രമത്തിനിടെ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. നടക്കാവ് സി.ഐ ടി.കെ അഷ്‌റഫിന്റെ നേതൃത്വത്തില്‍ വെള്ളയില്‍ എസ്.ഐ ഹരീഷും ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് രണ്ടു പ്രതികളെ പിടികൂടിയത്. പുതിയങ്ങാടി സ്വദേശി നങ്ങത്താടത്ത് വീട്ടില്‍ ഡാനിഷ് നമ്പാന്‍ (20), പുതിയാപ്പ സ്വദേശി താഴക്കരകത്ത് വീട്ടില്‍ കെ. സുരന്‍ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ബീച്ച് ഓപണ്‍ സ്റ്റേജിന് സമീപത്തു വച്ച് അറസ്റ്റ് ചെയ്തത്. സംഭവദിവസം സഞ്ചരിച്ച ബൈക്കും പൊലിസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ബീച്ച് റോഡില്‍ പുതിയാപ്പ സൂര്യന്‍കണ്ടി മുരളീധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളും രണ്ടു സ്‌കൂട്ടറുകളുമാണ് പ്രതികള്‍ കത്തിച്ചത്. മുരളീധരന്റെയും ബന്ധുക്കളുടെയും മൂന്നു വാഹനങ്ങളും സഹോദരിയുടെ മകന്റെ സ്ഥാപനയുടമയുടെ വാഹനവുമാണ് കത്തിച്ചത്. വാഹനങ്ങള്‍ അഗ്നിയ്ക്കിരയായപ്പോള്‍ സുരന്റെ കൈയ്ക്ക് പൊള്ളലേറ്റിരുന്നു.
സംഭവം നടന്നതിനു ശേഷം ഗോവയിലേക്ക് മുങ്ങിയ പ്രതികളെ നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.പി പൃഥ്വിരാജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. സംഭവദിവസം പ്രതികള്‍ ടൗണിലെ ഒരു ഷോപ്പില്‍ നിന്നു വാങ്ങിയ ടൂത്ത്‌പേസ്റ്റാണ് കേസിന് തുമ്പുണ്ടാക്കിയത്. പുലര്‍ച്ചെ രണ്ടുപേര്‍ ബൈക്കില്‍ വന്ന് ടൂത്ത്‌പേസ്റ്റ് വാങ്ങി കൈയില്‍ പുരട്ടിയതായും ആളുകള്‍ ശ്രദ്ധിക്കുന്നത് കണ്ട് പെട്ടെന്ന് ബൈക്കോടിച്ചു പോയതായും വിവരം ലഭിക്കുകയായിരുന്നു.
സിറ്റി ക്രൈംസ്‌ക്വാഡില്‍ ഒ. മോഹന്‍ദാസ്, ടി.പി ബിജു, മുഹമ്മദ് ഷാഫി, അനീസ് മുസേന്‍വീട്, ആഷിഖ്, കെ.പി ഷജൂല്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."