പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ക്രമക്കേടെന്ന് ആരോപണം
മാനന്തവാടി: മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സിലെ പ്രിന്‍സിപ്പല്‍ നിയമനത്തില്‍ ക്രമക്കേട് നടന്നതായി ആരോപണം. നിലവിലെ പ്രിന്‍സിപ്പലിനെ മാറ്റിയതില്ലല്ല, മറിച്ച് ഒരാളെ മാറ്റുന്നതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിക്ക് കീഴിലുള്ള കോളജിന് പ്രതിമാസം നഷ്ടമാവുന്നത് 80,000-ത്തോളം രൂപയാണെന്നതാണ് വിഷയമാവുന്നത്.
ഭരണമാറ്റത്തിന്റെ ഭാഗമായാണ് പ്രിന്‍സിപ്പല്‍ നിയമനമെന്ന് പറയുന്നുണ്ടെങ്കിലും നിലവിലെ പ്രിന്‍സിപ്പലിനെ മാറ്റിയതിന് പിന്നില്‍ വ്യക്തമായ ഗൂഡാലോചന നടന്നതായും ആക്ഷേപമുണ്ട്. കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളജില്‍ ഇലക്‌ട്രോണിക് വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന അധ്യാപകനെയാണ് മാനന്തവാടിയിലേക്ക് മാറ്റി പ്രിന്‍സിപ്പലിന്റെ അഡിഷനല്‍ ചാര്‍ജ്ജ് കൊടുത്തിട്ടുള്ളത്. 2016 നവംബര്‍ ഒന്നിനാണ് ഇത് സംബന്ധിച്ച ഉത്തരവ് വരുന്നത്.
നിലവില്‍ താല്‍ക്കാലികമായി നിയമിതനായ പ്രിന്‍സിപ്പലിന് കേവലം 17000 രൂപയായിരുന്നു ശമ്പളം.
പുതിയതായി പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് നല്‍കിയ അധ്യാപകന് ശമ്പളം ഇനത്തില്‍ നല്‍കുന്നത് 61138 രൂപയാണ്. പ്രിന്‍സിപ്പലിന്റെ ശമ്പളസ്‌കെയില്‍ 36140-49740 രൂപയാണ്. അതിന്റെ ആറു ശതമാനം പ്രിന്‍സിപ്പലിന്റെ അഡീഷനല്‍ ചാര്‍ജ് അലവന്‍സായി നല്‍കണം. അത് 4325 രൂപ വരും. ഫലത്തില്‍ ഒരു അധ്യാപകന്റെ സ്ഥലം മാറ്റത്തിലൂടെ ഐ എച്ച് ആര്‍ ഡിക്ക് ചിലവാകുന്നത് 65463 രൂപയാണ്.
മാനന്തവാടിയിലേക്ക് സ്ഥലം മാറ്റിയ അധ്യാപകന് പകരം കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളജില്‍ പുതിയ അധ്യാപകനെ നിയമിക്കണം.
സാമ്പത്തികപ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഐ.എച്ച്.ആര്‍.ഡിക്ക് പ്രതിമാസം 80,000ത്തോളം രൂപ അധികചിലവ് വരുത്തി പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിലെ അനൗചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതില്‍ അഴിമതി നടന്നതായും ആരോപണമുയരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."