നീലേശ്വരം കോവിലകം ചിറയ്ക്കു ശാപമോക്ഷമാകുന്നു
നീലേശ്വരം: ഹരിത കേരളം പദ്ധതി ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി കോവിലകം ചിറ വൃത്തിയാക്കാനുള്ള തീരുമാനം നാശോന്മുഖമായി കൊണ്ടിരിക്കുന്ന ചിറയ്ക്കു പുനര്ജനിയാകും. രാജവംശത്തിന്റെ കീഴിലുള്ള ഈ ചിറയിലാണു തളിയില്‍ ക്ഷേത്രത്തിന്റെ ആറാട്ടു കടവും മന്നന്‍പുറത്തു കാവിന്റെ പൂരക്കടവും സ്ഥിതി ചെയ്യുന്നത്. നിരവധി നീന്തല്‍ മത്സരങ്ങള്‍ക്കും ചിറ വേദിയായിരുന്നു. ആഫ്രിക്കന്‍ പായല്‍ മൂടിയതോടെ ഇതു ആരും ഉപയോഗിക്കാതെയായി.
പരേതനായ പ്രൊഫ.ടി.വി.എ മാരാരുടെ നേതൃത്വത്തില്‍ കോവിലകം ചിറ പുനരുദ്ധാരണ സമിതി രൂപീകരിക്കുകയും പായല്‍ വാരിക്കളയുകയും ചെളി നീക്കി അരികു കെട്ടാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ആവശ്യമായ ഫണ്ടില്ലാത്തതിനാല്‍ പദ്ധതി പാതിവഴിയില്‍ നിലച്ചു. വര്‍ഷങ്ങളായി ആരും തിരിഞ്ഞു നോക്കാത്ത ചിറ വീണ്ടും ആഫ്രിക്കന്‍ പായല്‍ നിറഞ്ഞു കിടക്കുകയാണ്. അതോടൊപ്പം കുളവാഴ വര്‍ഗത്തില്‍ പെട്ട ചെടിയും ഇതില്‍ വളരുന്നുണ്ട്. രണ്ടു മീറ്ററിലധികം ആഴത്തില്‍ ചെളിയും നിറഞ്ഞിട്ടുണ്ട്. ചിറയുടെ നവീകരണത്തിനും സൗന്ദര്യവല്കരണത്തിനുമായി നഗരസഭയും പദ്ധതികള്‍ തയാറാക്കിയിട്ടുണ്ട്. എട്ടിനാണു ഹരിത കേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."