ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് ടാര്‍ ചെയ്ത് കരാറുകാരന്റെ പ്രത്യുപകാരം
കരുനാഗപ്പള്ളി: ആലപ്പാട് തീരദേശ റോഡിന്റെ നിര്‍മാണത്തിലെ അപാകതയില്‍ ഇടപെടാതിരുന്നതിന് ആലപ്പാട് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്ക് ടാര്‍ ചെയ്ത് കരാറുകാരന്‍ പ്രത്യുപകാരം ചെയ്തതായി ആലപ്പാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വരുണ്‍ ആലപ്പാട്.
കെ.സി.വേണുഗോപാല്‍ എം.പിയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന തീരദേശ ഹൈവേയുടെ നിര്‍മാണത്തില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ട്. ഇത് പരസ്യമായ രഹസ്യമാണ്. നിര്‍മാണ അപാകത ചൂണ്ടിക്കാണിച്ച പല പ്രവര്‍ത്തകരെയും ആലപ്പാട് ലോക്കല്‍ സെക്രട്ടറി ഇടപെട്ട് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നില്‍ കരാറുകാരനുമായി ചേര്‍ന്നുള്ള ഒത്തുകളിയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്.തീരദേശ പാതയുടെ നിര്‍മാണത്തിനിടെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളാല്‍ അവശത അനുഭവിക്കുന്ന രോഗികളുടെ വീട്ടിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന റോഡില്‍ നിന്നും വീട്ടിലേക്ക് ഇറങ്ങാന്‍ പാകത്തില്‍ ടാര്‍ ചെയ്യാന്‍ അപേക്ഷയുമായെത്തിയവരെ നിര്‍മാണ മേല്‍നോട്ടം വഹിക്കുന്ന ദേശീയപാത എ.ഇ ദീപ അവഗണിക്കുകയാണുണ്ടായത്. കഴിഞ്ഞ ദിവസം പണിക്കരു കടവ് പാലത്തിന് സമീപം ടാറിങ് നടക്കുമ്പോള്‍ കിലോമീറ്ററുകള്‍ താണ്ടി ആലപ്പാട് സെന്റര്‍ ജങ്ഷന് വടക്കുഭാഗത്തായി ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലേക്കുള്ള വഴി ടാര്‍ ചെയ്ത് കൊടുത്തത് ഏറെ ദുരുഹതയുണ്ടാക്കിയിരിക്കുകയാണ്.
റോഡ് നിര്‍മാണത്തിലെ അഴിമതിക്ക് കൂട്ടു നിന്ന ലോക്കല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും നിര്‍മാണത്തിലെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നും വരുണ്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."