അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ ഫാനില്‍ കെട്ടിത്തൂക്കിയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കി
നെയ്യാറ്റിന്‍കര: സ്കൂള്‍ വിട്ട് വീട്ടിലെത്തിയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ യൂനിഫോം കീറിയതിന് അച്ഛന് കയര്‍ കൊണ്ട് വരിഞ്ഞ് ഫാനില്‍ കെട്ടിത്തൂക്കിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
കോട്ടയ്ക്കല്‍ കുറുവാട് വലിയവട്ടക്കുഴി മേലെ പുത്തന്‍വീട്ടില്‍ ബിജുകുമാര്‍-ബിന്ദു ദമ്പതികളുടെ മകന് ആദര്‍ശിനാണ് (9) പിതാവിന്റെ ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ മാസം 25 ന് നടന്ന സംഭവം കഴിഞ്ഞദിവസമാണ് പുറത്തറിയുന്നത്. പാലിയോട് പേരാമ്പ്ര എല്‍.എം.എസ് യു.പി.എസിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്. സ്കൂള്‍ വിട്ട് കുട്ടി വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ യൂനിഫോം കീറിയിരിക്കുന്നത് കണ്ട ബിജുകുമാര്‍ കുട്ടിയെ പൊതിരെ തല്ലി. നിലവിളിച്ച് പുറത്തേക്കോടിയ കുട്ടിയെ പിടിച്ചുകൊണ്ടുവന്ന ശേഷം കാലിലും കഴുത്തിലും കയര്‍ ചുറ്റി സീലിങ് ഫാനില്‍ കെട്ടിതൂക്കി സ്വിച്ച് ഓണ്‍ ചെയ്തു. ഭയന്ന് നിലവിളിച്ച കുട്ടിയെ അഴിച്ച് താഴെയിറക്കി വീണ്ടും മര്‍ദിച്ചു.
കഴിഞ്ഞദിവസം കുട്ടിയുടെ കഴുത്തില്‍ കയര്‍ കൊണ്ട് വരിഞ്ഞ് മുറുക്കിയ പാട് കണ്ട അധ്യാപകര്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. അവര്‍ മാരായമുട്ടം പൊലിസിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയായിരുന്നു. കുട്ടിയില്‍ നിന്നും ഇന്നലെ പൊലിസ് മൊഴിയെടുത്തു.മാതാവ് ഇതുവരെയും മൊഴി നല്‍കിയിട്ടില്ല. ഇവര്‍ ബന്ധു വീട്ടില്‍ ഉളളതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടയില്‍ കേസെടുത്തത് അറിഞ്ഞ് ബിജു ഒളിവില്‍ പോയി. കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."