ഷെഡില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകള്‍ പെട്രോളൊഴിച്ചു കത്തിച്ചു
കോവളം: വീടിനു മുന്നിലെ ഷെഡില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ബൈക്കുകള്‍ ദുരൂഹസാഹചര്യത്തില്‍ പെട്രോളൊഴിച്ച് കത്തിച്ച നിലയില്‍ കണ്ടെത്തി. ഒരെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും നശിച്ചു. ഷെഡിന്റെ മേല്‍ക്കൂരയും കത്തിയമര്‍ന്നു.
കോവളം ബീച്ച് റോഡില്‍ പത്മ വിലാസം വീട്ടില്‍ പ്രതാപചന്ദ്രന്റെ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന ബൈക്കുകളാണ് നശിച്ചത്. ഇന്നലെ ഒരുമണിക്കാണ് സംഭവം. ഈ സമയത്ത് വീട്ടുകാര്‍ ഉറക്കത്തിലായിരുന്നു.
രാത്രി എയര്‍പ്പോര്‍ട്ട് ഓട്ടം കഴിഞ്ഞു വരികയായിരുന്ന ടാക്സി ഡ്രൈവറും സമീപത്തെ സ്വകാര്യ ഹോട്ടലിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജീവനക്കാരുമാണ് വീട്ടുവളപ്പില്‍ ബൈക്കുകളിലും ഷെഡിന്റെ മേല്‍ക്കൂരയിലും തീ പടര്‍ന്നു കത്തുന്നത് കണ്ടത്. ഇവര്‍ തട്ടിവിളിച്ചപ്പോഴാണ് വീട്ടുകാര്‍ സംഭവം അറിഞ്ഞത്. വിവരമറിഞ്ഞ് ഉടനെത്തിയ വിഴിഞ്ഞം ഫയര്‍ഫോഴ്സ് തീ കെടുത്തിയതിനാല്‍ ഓട് പാകിയ വീട്ടിലേക്ക് തീ പടര്‍ന്നില്ല.
ചുറ്റുമതില്‍ ഇല്ലാത്തതിനാല്‍ വീടിന് സമീപം ഫൈബര്‍ ഷീറ്റിട്ട ഷെഡിലാണ് പ്രതാപചന്ദ്രന്റ ഹീറോ സ്കൂട്ടറും മകന്റെ യമഹ ബൈക്കും ബന്ധുവായ മോഹനന്റെ ഹോണ്ട ബൈക്കും സൂക്ഷിച്ചിരുന്നത്. ഇതില്‍ യമഹ ബൈക്കാണ് പൂര്‍ണമായും നശിച്ചത്.
വീടിന് സമീപത്തെ ഫുട്പാത്തില്‍ ബൈക്കുകള്‍ കത്തിക്കാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തീപെട്ടിക്കൊള്ളികള് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സി.ഐ യുടെ നേതൃത്വത്തില്‍ കോവളം പൊലിസും ഫോറന്‍സിക് വിഭാഗം അധികൃതരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കോവളം പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."