നാട്ടുകാര്‍ നോട്ടിനോടുമ്പോള്‍ നാടിളക്കി വിവാഹധൂര്‍ത്ത്
തിരുവനന്തപുരം: നാട് നോട്ടുദുരിതത്തില്‍ നെട്ടോട്ടമോടുമ്പോള്‍ തലസ്ഥാനത്ത് കോടികള്‍ പൊടിച്ച് വിവാഹമാമാങ്കം. മദ്യവ്യവസായി ബിജുരമേശിന്റെ മകള്‍ മേഘയും മുന്‍മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്‍ അജയ്കൃഷ്ണനും തമ്മിലുള്ള ആഡംബര വിവാഹത്തിന് ഇന്ന് തലസ്ഥാനം സാക്ഷിയാകും. വിവാഹച്ചെലവ് 15 കോടിയിലധികമാണെന്നാണ് വിവരം. എന്നാല്‍ ഇതിനുള്ള കറന്‍സി എവിടെനിന്നു ലഭിച്ചെന്ന കാര്യം അവ്യക്തം.
ആവശ്യത്തിന് നോട്ടില്ലാത്തതിനാല്‍ സംസ്ഥാനത്ത് ശമ്പളവിതരണം പോലും താറുമാറായ സാഹചര്യത്തിലാണു പണം വാരിയെറിഞ്ഞ് മദ്യവ്യവസായിയുടെയും മുന്‍മന്ത്രിയുടെയും മക്കളുടെ വിവാഹധൂര്‍ത്ത്. വിവാഹത്തിന്റെ മറവില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ആക്ഷേപമുണ്ട്. സംഭവം വിവാദമായതോടെ ചെക്ക് നല്‍കിയും കടംവാങ്ങിയുമാണ് അവശ്യമായ കറന്‍സികള്‍ സംഘടിപ്പിച്ചതെന്ന വാദവുമായി ബിജു രമേശ് രംഗത്തെത്തി.
വരന്റെ അച്ഛനായ അടൂര്‍ പ്രകാശിന്റെ പേരിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നോട്ട് പിന്‍വലിക്കലിലൂടെ രാജ്യത്തെ ഏറ്റവുമധികം കള്ളപ്പണം വെളുപ്പിച്ചത് പെട്രോള്‍പമ്പുകള്‍ വഴിയാണ്. പത്തനംതിട്ടയിലെ മിക്ക പെട്രോള്‍പമ്പുകളും അടൂര്‍ പ്രകാശിന്റെ കുടുംബത്തിന്റേതാണ്. ഇതാണു വിവാഹവിവാദത്തില്‍ അടൂര്‍ പ്രകാശിനെ കുരുക്കിയിരിക്കുന്നത്.
തിരുവനന്തപുരത്ത് ആനയറക്കു സമീപം കിംസ് ആശുപത്രിയുടെ മുന്നിലെ എട്ടേക്കറിലാണ് വിവാഹവേദി. അതിഥികളെ സ്വാഗതം ചെയ്യാന്‍ മൈസൂര്‍ കൊട്ടാരമാതൃകയില്‍ പടുകൂറ്റന്‍ വേദി. കൊട്ടാരത്തിലൂടെ പുറത്തിറങ്ങിയാല്‍ കാണുന്നത് യമുനാതീരത്തെ അക്ഷര്‍ധാം ക്ഷേത്രസമുച്ചയ മാതൃക. 120 അടി വീതിയും 48 അടി പൊക്കവുമുളള അക്ഷര്‍ധാം ക്ഷേത്രസമുച്ചയത്തിലാണ് വിവാഹപ്പന്തല്‍. വിവാഹപ്പന്തലിന് മാത്രം എട്ടു കോടിയോളമാണ് ചെലവ്. നാനൂറോളം തൊഴിലാളികള്‍ വിശ്രമമില്ലാതെ ഒരുമാസം പണിയെടുത്താണ് പന്തലൊരുക്കിയത്. 500 രൂപ ദിവസക്കൂലി കണക്കാക്കിയാല്‍ പോലും 60 ലക്ഷത്തോളം കൂലിയിനത്തില്‍ മാത്രം വരും. ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നിലവിലെ സാഹചര്യത്തില്‍ ചെക്ക് സ്വീകരിക്കില്ല. ഇങ്ങനെ മിക്ക ചെലവുകള്‍ക്കും കറന്‍സി അനിവാര്യമാണ്. വി.വി.ഐ.പികളടക്കം 20000 അതിഥികളെയാണു പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട് ആക്ടിങ് മുഖ്യമന്ത്രി പനീര്‍ശെല്‍വം, നികുതിമന്ത്രി കെ.സി.വീരമണി, കേരള മന്ത്രിമാര്‍, ഭരണ പ്രതിപക്ഷ എം.എല്‍.എമാര്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള 25 എം.എല്‍.എമാരും 14 എം.പിമാരും, യു.എ.ഇ കോണ്‍സുലേറ്റ് അംഗങ്ങള്‍, വിദേശമലയാളി സംരംഭകര്‍ തുടങ്ങി നിരവധി വി.വി.ഐ.പികളാണ് എത്തുന്നത്.
ഒരേസമയം ആറായിരം പേര്‍ക്കു ഭക്ഷണം കഴിക്കാവുന്ന പന്തല്‍ വേദിയുടെ ഇരുവശത്തും സജ്ജീകരിച്ചിട്ടുണ്ട്. മീനും മാംസവുമടക്കം നൂറിലേറെ വിഭവങ്ങള്‍. എല്ലാം ലൈവായി പാകം ചെയ്തു നല്‍കും. ബിരിയാണിയുണ്ടാക്കുന്നത് ജര്‍മന്‍ കോമ്പി ഓവനിലാണ്. 40 മിനുട്ടുകൊണ്ട് 600 കിലോ ബിരിയാണി റെഡിയാകും.
വിവാഹപ്പന്തലിന് ഇരുവശത്തുമായി കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. അന്തര്‍ദേശീയ പരിപാടികളുടെ അണിയറക്കാരായ സാങ്കേതിക വിദഗ്ധരാണ് വെളിച്ചവും ശബ്ദവും നിയന്ത്രിക്കുന്നത്. ഇങ്ങനെ കോടിക്കണക്കിന് രൂപ പൊടിക്കുമ്പോഴും കറന്‍സിയുടെ ഉറവിടം സംബന്ധിച്ച് ഒരന്വേഷണം പോലും നടന്നില്ലെന്നതും ശ്രദ്ധേയമാണ്.കോടികള്‍ പൊടിച്ച് ബംഗളൂരുവില്‍ മുന്‍ ബിജെപി മന്ത്രിയുടെ മകളുടെ കല്യാണം നടത്തിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."