ഖത്തറുമായി നാല് കരാറില്‍ ഒപ്പുവച്ചു; വിസാ ഇളവ്
ന്യൂഡല്‍ഹി: ഖത്തറിലേക്കുള്ള ബിസിനസ്- ടൂറിസം വിസകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്ന വിധത്തില്‍ നാലു കരാറുകള്‍ നിലവില്‍ വന്നു. ഇതടക്കമുള്ള നാലുകരാറുകളില്‍ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഒപ്പുവച്ചത്.
ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ നടത്തിയ ഉഭയകക്ഷിചര്‍ച്ചകള്‍ക്കു ശേഷമാണ് കരാറുകളിലൊപ്പിട്ടത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ്- ടൂറിസ്റ്റ് വിസകള്‍ക്കുള്ള നടപടികള്‍ ലഘൂകരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടും. കൂടുതല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ സന്ദര്‍ശിക്കാനും ഖത്തര്‍ വ്യവസായികള്‍ക്ക് ഇന്ത്യയിലെത്തി നിക്ഷേപം നടത്താനും പുതിയ കരാര്‍ സഹായിക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ റുമൈഖിയുമാണ് വിസാ നടപടികള്‍ ലഘൂകരിക്കുന്നതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. കരാര്‍പ്രകാരം നയതന്ത്ര- ഒഫിഷ്യല്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഇരുരാജ്യങ്ങളിലേക്കും വിസയില്ലാതെ യാത്രചെയ്യാനാകും.
നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ഇരുരാജ്യങ്ങള്‍ക്കിടയിലും ധാരണയായി. നിക്ഷേപനടപടികള്‍ ഉദാരമാക്കിയതു വഴി മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഖത്തര്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നാണ് കരുതുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഇരുരാജ്യങ്ങളിലെയും സുരക്ഷാ ഏജന്‍സികള്‍ തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായതാണ് മറ്റൊരുകരാര്‍. ഇതോടെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ഇരുരാജ്യങ്ങളും തമ്മില്‍ പങ്കുവയ്ക്കാനും അന്വേഷണത്തില്‍ സഹകരിക്കാനും കഴിയും. ബഹിരാകാശ ഗവേഷണരംഗത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചാണ് നാലാമത്തെ ഉടമ്പടി. ബഹിരാകാശ ഗവേഷണരംഗത്തെ മുന്‍നിര സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഈ കരാറിലൂടെ ഖത്തറിനു സാധിക്കും. ഇതിനു പുറമെ തുറമുഖമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ധാരണാപത്രത്തിലും ഇരു പ്രധാനമന്ത്രിമാരും ഒപ്പുവച്ചിട്ടുണ്ട്. ഖത്തറിലെ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയെ ക്ഷണിച്ചു. 2022ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറില്‍ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനായി ഇന്ത്യ കൂടുതല്‍ മുതല്‍മുടക്കണമെന്നും ശൈഖ് അബ്ദുല്ല ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചയാണ് ഖത്തര്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തിയത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടക്കുന്ന മൂന്നാമത്തെ ഉന്നതതല ചര്‍ച്ചയാണിത്. 2015 മാര്‍ച്ചില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."