സെമി മോഹിച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും
കൊച്ചി: പോയിന്റ് നിലയിലെ അഞ്ചാം സ്ഥാനക്കാരായ നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരേയുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിര്‍ണായക പോരാട്ടം ഇന്ന്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിലെ അവസാന ലീഗ് മത്സരമാണ് ഇന്നു കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ഫലത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ആയി മാറിയിരിക്കുന്ന ലീഗിലെ ഈ അവസാന അങ്കത്തില്‍ ജയിക്കുന്ന ടീം സെമി സെമിയിലേക്ക് യോഗ്യത നേടും. സ്വന്തം ഗ്രൗണ്ടില്‍ തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ ജയിച്ച ഏക ടീമും ബ്ലാസ്റ്റേഴ്‌സ് ആണ്. ഇതുതന്നെയാണ് കേരള ടീമിന്റെ കരുത്തും.
13 മത്സരങ്ങളില്‍ ( അഞ്ചു ജയം, നാലു സമനില, നാലു തോല്‍വി) 19 പോയിന്റോടെ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. 13 മത്സരങ്ങളില്‍ ( അഞ്ചു ജയം, മൂന്നു സമനില, അഞ്ചു തോല്‍വി) 18 പോയിന്റോടെ അഞ്ചാം സ്ഥാനത്തു നില്‍ക്കുന്ന നോര്‍ത്ത്ഈസ്റ്റിനെതിരേ സമനില നേടിയാലും ബ്ലാസ്റ്റേഴ്‌സിനു സെമി ഫൈനലില്‍ എത്താനാകും. ഫൈനല്‍ മത്സരത്തിന്റെ വേദിയായി കൊച്ചി പ്രഖ്യാപിക്കപ്പെട്ടതോടെ ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകളിലേക്ക് ഉറ്റുനോക്കുകയാണ് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍.
പരിശീലനത്തിനിടെ കണങ്കാലിനു പരുക്കേറ്റ ഹോസുവും സസ്‌പെന്‍ഷനിലായ മെഹ്താബ് ഹുസൈനും നിര്‍ണായകമായ മത്സരത്തില്‍ കളത്തിലുണ്ടാകില്ലെന്നാണ് സൂചന. ഹോസുവിന്റെ സാധ്യത പൂര്‍ണമായി തള്ളികളയാന്‍ പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ തയ്യാറല്ല. കൊല്‍ക്കത്തക്കെത്തിരേ ഇറങ്ങാതിരുന്ന മൈക്കല്‍ ചോപ്ര നോര്‍ത്ത്ഈസ്റ്റിനെതിരേ കളിക്കുമെന്നും കോപ്പല്‍ വ്യക്തമാക്കി. ഹോസുവിനു കളിക്കാനാകുമെന്ന പ്രതീക്ഷിക്കുന്ന അദ്ദേഹം സമനിലയല്ല വിജയം തന്നെയാണ് ലക്ഷ്യമെന്നു പറഞ്ഞു. മത്സരം തുടങ്ങിയതിനു ശേഷം മാത്രമായിരിക്കും ഗെയിം പ്ലാന്‍ മാറ്റുക. കഴിഞ്ഞ മത്സരത്തില്‍ ഇഷ്ഫാഖ് അഹമ്മദിനെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിപ്പിച്ചിരുന്നു.
ഈ മത്സരത്തില്‍ അതില്‍ മാറ്റം വരുത്തുമെന്നും ഹോം ഗ്രൗണ്ടില്‍ ആണെന്ന പ്രത്യേകത ഇതിനു പിന്നിലുണ്ടെന്നും അതേപോലെ കളിക്കാരെ വിന്യസിക്കുന്ന കാര്യത്തില്‍ ടീമിലെ കളിക്കാരുടെ പരുക്ക് പരിഗണിച്ചായിരിക്കും മാറ്റങ്ങള്‍ വരുത്തുകയെന്നും രാവിലെ മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശീലകന്‍ നെലോ വിന്‍ഗാദയുടെ നേതൃത്വത്തില്‍ നോര്‍ത്ത്ഈസ്റ്റും ആത്മവിശ്വാസത്തിലാണ്. വിജയത്തില്‍ കുറഞ്ഞ ഒരു ടാര്‍ജറ്റ് ഇല്ല. കളിയില്‍ കാണിച്ച മികവ് പിന്നീടു മറന്നുപോകും എന്നാല്‍ മത്സര ഫലം എക്കാലവും ശേഷിക്കും അതുകൊണ്ടുതന്നെ നോര്‍ത്ത്ഈസ്റ്റിനെ സംബന്ധിച്ചിടത്തോളം മഹത്തായ ഒരു ഗെയിം ആയിരിക്കും ഇതെന്നും വിന്‍ഗാദ പറഞ്ഞു. ബ്ലാസ്റ്റേഴ്‌സിനൊപ്പം 50,000 അല്ലെങ്കില്‍ 60,000 പേരുടെ പിന്തുണ ഉണ്ടാകും എന്നാല്‍ അതുകൊണ്ട് കാര്യമില്ല. കളിക്കളത്തില്‍ ഇറങ്ങുന്ന കളിക്കാര്‍ക്ക് മാത്രമെ ജയിക്കാന്‍ കഴിയൂകയുള്ളു. ജയിക്കാനാണ് ഇവിടെ വന്നിരിക്കുന്നത്. ജയവുമായി മടങ്ങുമെന്നും വിന്‍ഗാദ തറപ്പിച്ചു പറഞ്ഞു. ഗോള്‍കീപ്പര്‍ സുബ്രതോ പാലും ഡിഫന്‍ഡര്‍ ഗുസ്താവോ ലാസെറെറ്റിയും ഇന്നു കളിക്കില്ലെന്നും വിന്‍ഗാദ സൂചന നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."