കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡ് തുക പുനഃസ്ഥാപിക്കും: മന്ത്രി സി. രവീന്ദ്രനാഥ്
തേഞ്ഞിപ്പലം: നാലു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന കായിക താരങ്ങള്‍ക്കുള്ള അവാര്‍ഡ് തുക ഈ വര്‍ഷം മുതല്‍ പുനഃസ്ഥാപിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ്. കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ കായിക താരങ്ങളെ എല്ലാ നിലയിലും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. കേരളത്തിലെ കലാ-കായിക രംഗം അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അക്കാദമിക മികവിനൊപ്പം അക്കാദമികേതര മേഖലയിലും മികവ് ഉയര്‍ത്തും. ഈ ലക്ഷ്യവുമായാണ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും കലാ-കായിക പാര്‍ക്കും സ്‌കൂളുകളില്‍ ടാലന്റ് ലാബുകളും സ്ഥാപിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് പഠനോത്സവമാണ് സര്‍ക്കാര്‍ ലക്ഷ്യം. പഠന രംഗത്തും മത്സരങ്ങള്‍ ഒഴിവാക്കി ഉത്സവങ്ങളാക്കി മാറ്റുകയാണ്. അതിനാലാണ് കായിക മേളയെ കായികോത്സവമാക്കിയത്. 20-ാമതും കേരളം ദേശീയ ചാംപ്യന്‍മാരാകാന്‍ തയ്യാറെടുക്കുകയാണ്. വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റം കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കായികോത്സവ സംഘാടക സമിതി ചെയര്‍മാന്‍ പി.അബ്ദുല്‍ഹമീദ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി.ആര്‍ ശ്രീജേഷ്, ഒളിംപ്യന്‍ കെ.ടി ഇര്‍ഫാന്‍, എം.എല്‍.എമാരായ എം. ഉമ്മര്‍, വി.അബ്ദുറഹ്മാന്‍, ടി.വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: കെ മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.കെ അബ്ദുല്‍മജീദ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ: ടി.പി അഹമ്മദ്, കെ വിശ്വനാഥ്, കെ.എച്ച് ഹനീഫ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ഡോ: ജി കിഷോര്‍, അക്കാദമിക് എ.ഡി.പി.ഐ ജിമ്മി കെ ജോസ്, മലപ്പുറം ഡി.ഡി.ഇ പി.സഫറുല്ല, സര്‍വകലാശാല സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഡോ: വി.പി സക്കീര്‍ ഹുസൈന്‍, ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ പ്രൊഫ: എ.പി അബ്ദുല്‍വഹാബ്, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം, ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഐ.എ.എസ്, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: ചാക്കോ ജോസഫ് സംസാരിച്ചു.
സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നുള്ള കായിക താരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റോടെയാണ് ഇന്നലെ വൈകിട്ടു നാലിന് ശേഷം സര്‍വകലാശാല സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങിനു തുടക്കമായത്. സ്റ്റേഡിയത്തിലേക്കെത്തിയ ദീപശിഖ കടകശ്ശേരി ഐഡിയല്‍ സ്‌കൂളിലെ ട്രിപ്പില്‍ ജംപ് ദേശീയ താരമായ എന്‍.വി സഹദില്‍ നിന്ന് ഒളിംപ്യന്‍ പി.ടി ഉഷ ഏറ്റുവാങ്ങി. പിന്നീട് ഒന്‍പത് കായിക താരങ്ങളുടെ കൈകളിലൂടെ ദീപശിഖ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചു. കായിക താരം അപര്‍ണ റോയ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കായികോത്സവത്തിനു ലോഗോ തയ്യാറാക്കിയ ബാപ്പുട്ടി കോട്ടക്കലിനെ ബഹുമതി പത്രം നല്‍കി ടി.വി ഇബ്രാഹിം എം.എല്‍.എ അനുമോദിച്ചു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."