കശുവണ്ടി കോര്പറേഷന് 80 കോടിയുടെ വായ്പാ കുടിശിക തിരിച്ചടച്ചു
തിരുവനന്തപുരം: വിവിധ ബാങ്കുകളില്‍ ഉണ്ടായിരുന്ന 80 കോടി രൂപയുടെ വായ്പാ കുടിശിക സര്‍ക്കാര്‍ ഒറ്റത്തവണയായി തിരിച്ചടച്ച് സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷനെ ആദ്യമായി കടവിമുക്തമാക്കിയതായി കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. 2004 മുതല്‍ കാഷ്യു കോര്പ്പറേഷന് നല്‍കിയിരുന്ന വായ്പാതുകയാണ് ഒറ്റത്തവണയായി ബാങ്കുകള്‍ക്ക് തീര്‍പ്പാക്കിയത്.
മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, കശുവണ്ടി വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ഫിഷറീസ് പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ ബാങ്ക് പ്രതിനിധികളുമായി പലതവണ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് വായ്പാകുടിശിക 80 കോടിയായി ചുരുക്കിയത്.
നവംബര്‍ 29ലെ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ക്ക് തുക നല്‍കിയിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, പഞ്ചാബ് നാഷനല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് വിവിധ വര്‍ഷങ്ങളായി കാഷ്യു കോര്പറേഷന് വായ്പ ലഭ്യമാക്കിയിരുന്നത്. തുക അടച്ചു തീര്‍ത്തതിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ കോര്പറേഷന് തുടര്‍വായ്പ നല്കാന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."